'നിധി' ഇനി മാതാപിതാക്കൾക്ക് സ്വന്തം

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച കുട്ടിയെ ഏറ്റെടുക്കാമെന്ന് മാതാപിതാക്കൾ. ജാർഖണ്ഡ് സ്വദേശികളാണ് കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായത്. വീഡിയോ കോളിലൂടെ മാതാപിതാക്കൾ കുഞ്ഞിനെ കണ്ടു. നിധി എന്ന് ആരോഗ്യമന്ത്രി പേരിട്ട കുഞ്ഞ് ഇപ്പോൾ സിഡബ്ല്യുസി സംരക്ഷണയിലാണ്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരിയിലാണ് മാതാപിതാക്കൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത്. പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച ശിശുക്ഷേമസമിതി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.
രണ്ട് മാസമായി കുഞ്ഞിന്റെ മാതാപിതാക്കൾക്കായുളള അന്വേഷണത്തിലായിരുന്നു പൊലീസ്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് കഴിഞ്ഞയാഴ്ച കൊച്ചിയിൽ ഓൾ ഇന്ത്യാ പൊലീസ് ബാറ്റ്മിന്റൺ ടൂർണമെന്റ് നടന്നത്. ഇതിൽ പങ്കെടുക്കാനെത്തിയ ജാർഖണ്ഡുകാരായ പൊലീസുകാരോട് ഈ വിവരം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ജാർഖണ്ഡ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളെ കണ്ടെത്താൻ സാധിച്ചത്.
റാഞ്ചിക്കടുത്തുള്ള ലോഹാർഡഗ സ്വദേശികളായ മംഗലേശ്വരും രഞ്ജിതയുമാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. കുഞ്ഞ് മരിച്ചെന്ന ധാരണയിലായിരുന്നു ഇരുവരും. വിവരം അറിയിച്ചതോടെ കുഞ്ഞിനെ ഏറ്റെടുക്കാമെന്നും ഇവർ അറിയിച്ചു. ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാൻ കുഞ്ഞിനെ വീഡിയോ കോളിലൂടെ കാണണമെന്നായി. നിധി എന്ന് പേരിട്ട് കഴിഞ്ഞ വ്യാഴാഴ്ച ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുഞ്ഞ് അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലായിരുന്നു. ഒടുവിൽ ശിശുക്ഷേമ സമിതി അധ്യക്ഷന്റെ അനുവാദത്തോടെ പൊലീസ് കുഞ്ഞിനെ വീഡിയോ കോളിലൂടെ അച്ഛനമ്മമാർക്ക് കാണിച്ചുകൊടുത്തു.
ആശുപത്രി ചോദിച്ച രണ്ട് ലക്ഷം രൂപ നൽകാൻ സാധിക്കാതെ വന്നതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് ഇരുവരും കടന്നതെന്ന് പൊലീസിനെ അറിയിച്ചു.








0 comments