‘സമാധി’ കേസ്‌; കല്ലറ തുറന്നു, മൃതദേഹം ഗോപന്‍റേത് തന്നെയെന്ന്‌ പ്രാഥമിക നിഗമനം

NEYYATTINKARA SAMADHI
വെബ് ഡെസ്ക്

Published on Jan 16, 2025, 07:49 AM | 1 min read

തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപന്‌റെ വിവാദ ‘സമാധി’ കല്ലറ തുറന്നു. കല്ലറയിൽ ഇരിക്കുന്ന വിധത്തിൽ മൃതദേഹം കണ്ടെത്തി. ഗോപന്‍റെ ഭാര്യയും രണ്ട്‌ മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന്‌ പിന്നാലെയാണ്‌ പൊലീസ്‌ നടപടികൾ ആരംഭിച്ചത്‌. തുടർന്ന്‌ പൊലീസ്‌ സംഘം പുലർച്ചെ തന്നെ നെയ്യാറ്റിൻകര അതിയന്നൂരിലെ ഗോപൻറെ വീട്ടിലെത്തി കല്ലറ തുറക്കുകയായിരുന്നു.


രണ്ട്‌ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കല്ലറ പൊളിക്കുന്നതിനായി പുലർച്ചെ സ്ഥലത്തെതിയത്‌. തുടർന്ന്‌ തിരുവനന്തപുരം സബ്കലക്ടർ ഒ വി ആല്‍ഫ്രഡ് സ്ഥലത്തെത്തുകയും കല്ലറ തുറക്കുന്നതിന്റെ ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. കല്ലറ തുറക്കുന്നതിന്റെ സമീപം നിൽക്കാൻ തന്നോട്‌ പൊലീസ്‌ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരസിക്കുകയാിരുന്നുവെന്ന്‌ ഗോപൻറെ മകൻ സനന്തൻ പറഞ്ഞു.


കല്ലറ തുറന്നതിനെ തുടർന്ന് മൃതദേഹം പുറത്തേക്കെടുത്തു. നെഞ്ച് വരെ പൂക്കളും സുഗന്ധ ദ്രവ്യങ്ങളും ഭസ്മവും മൂടിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് റിപ്പോർട്ട്. ഗോപന്റെ മൃതദേഹം തന്നെയാണ് കല്ലറയിലേത് എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.


Live Updates
3 months agoJan 16, 2025 09:24 AM IST

മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ ഉടൻ. ​ഗോപൻ സ്വാമിയുടെ മകൻ സനന്ദനും മെഡിക്കൽ കോളേജിലെത്തി.

3 months agoJan 16, 2025 08:41 AM IST

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു.

3 months agoJan 16, 2025 08:40 AM IST

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഡോക്ടർമാരുടെ സംഘം മടങ്ങി.

3 months agoJan 16, 2025 08:21 AM IST

ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

3 months agoJan 16, 2025 08:20 AM IST

ഗോപൻ സ്വാമിയുടെ മൃതദേഹം തന്നെയാണ് എന്ന് പ്രാഥമിക നിഗമനം.

3 months agoJan 16, 2025 08:19 AM IST

ഇരിക്കുന്ന നിലയിൽ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്തു.


നേരത്തെ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസും തഹസിൽദാരും നടത്തിയ ശ്രമങ്ങളെ കുടുംബവും സംഘപരിവാർ സംഘടനകളും ഒരുവിഭാഗം നാട്ടുകാരും ചേർന്ന്‌ തടയുകയായിരുന്നു. മക്കൾ പറയുന്നത്‌ അനുസരിച്ച്‌ ഗോപൻ സ്വാമി മരിച്ചത്‌ പകൽ 11ന്‌ ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ്‌ ചെയ്യുകയായിരുന്നു. ഇത്‌ ദുരൂഹത വർധിപ്പിക്കുന്നു.


സമാധിയാകാൻപോയ ആൾ രക്തസമ്മർദത്തിന്റെയും പ്രമേഹത്തിന്റെയും മരുന്ന്‌ കഴിച്ചിരുന്നുവെന്നും മക്കൾ പറയുന്നു. ആറാലുംമൂട്‌ ചന്തയിൽ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപനെ നാട്ടുകാർ മണിയൻ എന്നാണ്‌ വിളിച്ചിരുന്നത്‌. ബിജെപിയുടെ സംഘടനയായ ബിഎംഎസിൽ അംഗമായിരുന്നു. ആദ്യം ആറാലുംമൂട്ടിലായിരുന്നു താമസം. അവിടത്തെ വസ്‌തു വിറ്റശേഷമാണ്‌ അതിയന്നൂരിൽ വീടുവച്ച്‌ താമസമാക്കിയത്‌.



deshabhimani section

Related News

0 comments
Sort by

Home