ഗോപന്‍റെ മൃതദേഹം ഇരിക്കുന്ന നിലയിൽ; നെഞ്ചുവരെ പൂജാദ്രവ്യങ്ങൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ കല്ലറയിൽ ഗോപന്‍റെ മൃതദേഹം ഉണ്ടായിരുന്നത് ധ്യാനത്തിലിരിക്കുന്ന നിലയിലായിരുന്നുവെന്ന് കല്ലറ പൊളിച്ചയാൾ. നെഞ്ചുവരെ കർപ്പൂരവും ഭസ്മവും അടക്കമുള്ള പൂജാദ്രവ്യങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം സംസ്കരിച്ചത്. ഇത് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മക്കൾ പൊലീസിനു നൽകിയ മൊഴിയിലും ഇത്തരത്തിലാണ് മൃതദേഹം സംസ്കരിച്ചതെന്ന് പറഞ്ഞിരുന്നു.
പുറത്തെടുത്ത മൃതദേഹം അഴുകിയ നിലയിലാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം ഗോപന്‍റേത് തന്നെയാണെന്ന് പ്രദേശവാസികൾ സ്ഥിരീകരിക്കുന്നുണ്ട്. ഇത് നിയമപരമായി ഉറപ്പിക്കുന്നതിന് ഡിഎൻഎ പരിശോധന നടത്തും. മരണത്തിൽ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് ഫൊറൻസിക് പരിശോധനയിലൂടെ മനസിലാക്കും.
0 comments