"സമാധി'യിൽ ദുരൂഹത നീങ്ങും; കല്ലറ ഇന്നു പൊളിക്കും

തിരുവനന്തപുരം
നെയ്യാറ്റിൻകര അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ മരണത്തിലെ ദുരൂഹത നീങ്ങും. വ്യാഴാഴ്‌ച കല്ലറ പൊളിക്കും. ഗോപൻ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നൽകിയ ഹർജിയിൽ കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കിയതാണ് നിർണായകമായത്. ഇതോടെ സംഭവത്തിൽ എത്രയുംവേഗം തുടർനടപടി സ്വീകരിക്കാൻ കലക്‌ടർ അനുകുമാരി സബ്‌കലക്‌ടർക്ക് നിർദേശം നൽകി.
സബ്‌കലക്‌ടറുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച തന്നെ കല്ലറയുടെ സ്ലാബ് ഇളക്കി മൃതദേഹം പുറത്തെടുക്കും. കല്ലറ പൊളിക്കുന്നത് പാപമാണെന്നും ഡോക്ടറും ഉദ്യോഗസ്ഥരും മൃതദേഹത്തിൽ തൊട്ടാൽ ചൈതന്യം പോകുമെന്നുമുള്ള വാദമാണ് കുടുംബത്തിന്. സമാധി ആകണമെന്ന് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്നും തങ്ങൾ അത് പൂർത്തികരിക്കുക മാത്രമാണ് ചെയ്‌തതെന്നും ഹർജിയിൽ പറയുന്നു. കോടതിയിൽനിന്ന് തിരിച്ചടി ലഭിച്ചെങ്കിലും ഇതേ നിലപാട് തന്നെ ആവർത്തിക്കുകയാണ് കുടുംബം.
സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസും തഹസിൽദാരും നടത്തിയ ശ്രമങ്ങളെ കുടുംബവും സംഘപരിവാർ സംഘടനകളും ഒരുവിഭാഗം നാട്ടുകാരും ചേർന്ന് തടയുകയായിരുന്നു. മക്കൾ പറയുന്നത് അനുസരിച്ച് ഗോപൻ സ്വാമി മരിച്ചത് പകൽ 11ന് ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ഇത് ദുരൂഹത വർധിപ്പിക്കുന്നു. നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ഗോപൻ നടന്നുപോയി സമാധിയായി എന്ന മക്കളുടെ വാദവും വിശ്വാസയോഗ്യമല്ല.
സമാധിയാകാൻപോയ ആൾ രക്തസമ്മർദത്തിന്റെയും പ്രമേഹത്തിന്റെയും മരുന്ന് കഴിച്ചിരുന്നുവെന്നും മക്കൾ പറയുന്നു. ആറാലുംമൂട് ചന്തയിൽ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപനെ നാട്ടുകാർ മണിയൻ എന്നാണ് വിളിച്ചിരുന്നത്. ബിജെപിയുടെ സംഘടനയായ ബിഎംഎസിൽ അംഗമായിരുന്നു. ആദ്യം ആറാലുംമൂട്ടിലായിരുന്നു താമസം. അവിടത്തെ വസ്‌തു വിറ്റശേഷമാണ് അതിയന്നൂരിൽ വീടുവച്ച് താമസമാക്കിയത്.
0 comments