സമാധി കേസ്: നെയ്യാറ്റിൻകര ഗോപന്റെ സംസ്കാരം ഇന്ന്

gopan swami
വെബ് ഡെസ്ക്

Published on Jan 17, 2025, 10:32 AM | 1 min read

​തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ സംസ്കാരം ഇന്ന്. വൈകിട്ട് നാലു മണിയോടെ ആറാലും മൂടിലെ വീടിന് സമീപം സംസ്കാര ചടങ്ങുകൾ നടക്കും. മൃതദേഹം ഇപ്പോൾ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരത്തിനായി കുടുംബം പുതിയ കല്ലറ സ്ഥാപിച്ചു. ഇന്നലെ രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഗോപന്റെ ഭാര്യയും രണ്ട്‌ മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന്‌ പിന്നാലെയാണ്‌ പൊലീസ്‌ നടപടികൾ ആരംഭിച്ചത്‌.


നെഞ്ചുവരെ കർപ്പൂരവും ഭസ്മവും അടക്കമുള്ള പൂജാദ്രവ്യങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം സംസ്കരിച്ചത്. ഇത് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മക്കൾ പൊലീസിനു നൽകിയ മൊഴിയിലും ഇത്തരത്തിലാണ് മൃതദേഹം സംസ്കരിച്ചതെന്ന് പറഞ്ഞിരുന്നു. പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകളോ മറ്റു അസ്വാഭാവികതകളോ ഇല്ല. ശ്വാസകോശത്തിൽ എന്തെങ്കിലും കടന്നിട്ടോ എന്നറിയാനുള്ള രാസപരിശോധന ഫലം, ഫോറൻസിക്‌ സയൻസ്‌ ലാബ്‌ ടെസ്‌റ്റ്‌ ഫലം, ആന്തരികാവയവങ്ങൾക്ക്‌ മുറിവോ മറ്റോ ഉണ്ടോയെന്നറിയാൻ ഫിസ്‌റ്റോ പതോളിജക്കൽ ഫലം എന്നിവ ലഭിച്ചാൽ മാത്രമേ സംഭവത്തിലെ ദുരൂഹത നീങ്ങൂ. ഗോപന്റെ കുടുംബാംഗങ്ങളെ ചോദ്യംചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര ഇൻസ്‌പെക്‌ടർ പി എസ്‌ പ്രവീൺ പറഞ്ഞു.


ഈ മാസം ഒൻപതിനാണ് ഗോപൻ മരിച്ചത്‌. മരണം നടന്നത് പകൽ 11ന്‌ ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ്‌ ചെയ്യുകയായിരുന്നു. പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് മരണം ചർച്ചയായത്. നാട്ടുകാർ സംഭവത്തിൽ ദുരൂഹത ആരോപിച്ച് രം​ഗത്തെത്തി. അയൽവാസിയുടെ പരാതിയിൽ പൊലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home