Deshabhimani

print edition ഹെൽത്തിയായിരിക്കുന്നു, 
കുഞ്ഞുകുരങ്ങൻ; 6 മാസം നിരീക്ഷണം

Hanuman langur

മൃഗശാല ആശുപത്രിയിലെ ഇൻകുബേറ്ററിലുള്ള 
ഹനുമാൻകുരങ്ങിന്റെ കുട്ടി

avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Oct 28, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ജനനത്തോടെ അമ്മയെ നഷ്‌ടപ്പെട്ട ഹനുമാൻകുരങ്ങിൻകുഞ്ഞ്‌ മൃഗശാല അധികൃതരുടെ തീവ്രപരിചരണത്തിൽ ആരോഗ്യം വീണ്ടെടുക്കുന്നു. മൃഗശാല ആശുപത്രിയിലെ ഇൻകുബേറ്ററിൽ അഞ്ചു ദിവസം പിന്നിടുന്ന ആൺകുരങ്ങ്‌ പാലുകുടിക്കാനും എഴുന്നേൽക്കാനുമെല്ലാം താൽപ്പര്യം കാട്ടിത്തുടങ്ങിയതായി അധികൃതർ പറയുന്നു.


23ന്‌ ആണ്‌ മൃഗശാലയിലെ ഹനുമാൻകുരങ്ങ്‌ പ്രസവിച്ചത്‌. പ്രസവത്തോടെ അമ്മക്കുരങ്ങ്‌ ചത്തു. അമ്മയുടെ പാലോ പരിചരണമോ ലഭിക്കാതെ അവശനായ കുഞ്ഞിന്‌ മൃഗശാലയിലെ വെറ്ററിനറി സർജൻ നികേഷ് കിരണിന്റെ നേതൃത്വത്തിൽ പ്രത്യേക പരിചരണം നൽകുകയാണ്‌.


ദിവസവും 80 മില്ലിലിറ്റർ പാൽ ഇപ്പോൾ കുഞ്ഞൻകുരങ്ങ്‌ കുടിക്കുന്നുണ്ട്‌. നാൻപ്രോ എന്ന പാൽപ്പൊടിയാണ്‌ നൽകുന്നത്‌. നിർബന്ധിച്ച്‌ കുടിപ്പിക്കാനാകില്ല. ചിലപ്പോൾ ന്യുമോണിയപോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യതയുണ്ട്‌. എട്ടുനേരം രണ്ടോ മൂന്നോ തുള്ളിയായിട്ടാണ്‌ നൽകുന്നതെന്ന്‌ ജീവനക്കാർ പറയുന്നു.


2023ൽ ഹരിയാനയിലെ റോഹ്‌തക്‌ മൃഗശാലയിൽനിന്ന്‌ കൊണ്ടുവന്ന കുരങ്ങാണ്‌ പ്രസവത്തോടെ ചത്തത്‌. കുട്ടിക്ക്‌ 850 ഗ്രാം ഭാരമുണ്ട്‌. ഹനുമാൻകുരങ്ങുകളുടെ കുട്ടിക്ക്‌ ഇത്രയും ഭാരം അപൂർവമാണ്‌. കുട്ടിയുടെ ഭാരക്കൂടുതലും അമ്മക്കുരങ്ങിന്റെ മരണകാരണമാകാമെന്ന്‌ ഡോ. നികേഷ് കിരൺ പറഞ്ഞു. പ്രസവത്തെ തുടർന്ന് ഗർഭപാത്രത്തിലുണ്ടായ രക്തസ്രാവവും ഹൃദയസ്‌തംഭനവുമാണ്‌ മരണകാരണമെന്ന്‌ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.


കുട്ടിക്കുരങ്ങൻ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെങ്കിലും അപകടനില പൂർണമായും തരണം ചെയ്‌തിട്ടില്ല. ആറുമാസം തീവ്രപരിചണം വേണ്ടിവരും. അതിനുശേഷമേ മറ്റ്‌ കുരങ്ങുകൾക്കൊപ്പം വിടാനാകുമോ എന്ന്‌ പറയാനാകൂ. ലൈവ്‌ സ്‌റ്റോക്ക്‌ ഇൻസ്‌പെക്ടർ ജിജോ, നഹാസ്‌, അനിൽ, കീപ്പർമാരായ ബിജു, മനോജ്‌ എന്നിവർ ചേർന്നാണ്‌ കുരങ്ങിനെ പരിചരിക്കുന്നത്‌.


ഹനുമാൻ കുരങ്ങുകൾ ചൂടുകാലാവസ്ഥയിൽ ജീവിക്കാൻ കഴിയുന്ന ഇന്ത്യൻവർഗമാണ്‌. കോമൺ ലംഗൂർ, ഗ്രേ ലംഗൂർ എന്നിങ്ങനെയാണ്‌ ഇവ അറിയപ്പെടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home