print edition പുതുവർഷ പിറവി, പ്രതീക്ഷയുടെ പുതുപുലരി

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അടുത്ത പാദത്തിലെ പുതുവർഷപ്പുലരിക്ക്, പിന്നിട്ട വർഷം സമ്മാനിച്ച വികസന സമൃദ്ധിയുടെ തിളക്കം. ഏറ്റവും മികച്ച പശ്ചാത്തലമൊരുക്കി വികസനത്തിൽ കേരളം സമാനതകളില്ലാത്ത മുന്നേറ്റത്തിലേക്ക് കുതിക്കുന്നു. വ്യവസായ ഇടനാഴികളും അതിവേഗ യാത്രാ സൗകര്യങ്ങളും ഡിജിറ്റൽ വിപ്ലവവും എഐ കുതിപ്പും നാടിന്റെയാകെ പ്രതീക്ഷയാകുന്നു. മാസങ്ങൾക്കകം നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള ജനതയുടെ മുന്നിലുള്ള പ്രധാന വിഷയങ്ങളാകുന്നതും വികസനവും ക്ഷേമപ്രവർത്തനങ്ങളുമാകുമെന്നുറപ്പ്.
വർഗീയതയുടെ വിഷം തീണ്ടാതെ മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയർത്തിപ്പിടിക്കുന്ന കൊച്ചുകേരളം ഇന്ത്യയ്ക്കാകെ മാതൃകയാകുന്നു. സംഘപരിവാറും ബിജെപി സർക്കാരുകളും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ ഉത്തരേന്ത്യൻ വാർത്തകൾ ദിവസവും കൺമുന്നിലെത്തുന്നു. വടക്കൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും ക്രിസ്‌മസ് കാരൾ സംഘങ്ങളെ വളഞ്ഞിട്ട് ആക്രമിച്ചതിന്റെ വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.
എന്നാൽ, പലയിടത്തും കടുത്ത പ്രതിരോധം ഉയരുന്നത് പ്രതീക്ഷ നൽകുന്നു. ക്രിസ്‌മസ് കാരളുകൾ പലയിടത്തും പ്രതിഷേധ സൂചകമായി ക്രിസ്‌മസ് റാലികളായി മാറിയത് മുഖ്യധാര മാധ്യമങ്ങൾ മറച്ചുവച്ചെങ്കിലും പുരോഗമന ഇന്ത്യയ്‌ക്ക് പ്രത്യാശയാകുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലെ കുടിയൊഴിക്കലും ബുൾഡോസർ രാജും നാട് കണ്ടു. ഉപചാരം ചൊല്ലിപ്പിരിയാനല്ല, കൂടുതൽ കരുത്തോടെ മുന്നേറാനുള്ള ഉൗർജമാണ് പോയവർഷം നൽകിയത്. ആ കരുത്തിന്റെ ഉൗർജ വർഷം കൂടിയാകട്ടെ 2026.
തിളങ്ങും പുതുപാതകൾ
പുതുവർഷത്തിൽ സുപ്രധാനമായ നിരവധി പദ്ധതികളുടെ പൂർത്തീകരണത്തിന് കേരളം കാത്തിരിക്കുകയാണ്. പാതകളും പാലങ്ങളും മെട്രോയും തുറമുഖവും.. സംസ്ഥാനത്തിന്റെ വികസനപാതയിലെ നാഴികക്കല്ലുകളാണ്.
ദേശീയപാത
കേരളത്തെ വടക്ക് – തെക്ക് ബന്ധിപ്പിക്കുന്ന ദേശീയപാത 66-ന്റെ വികസനം 2026 ആഗസ്‌തോടെ പൂർത്തിയാകും.
കൊച്ചി മെട്രോ രണ്ടാംഘട്ടം
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം അഥവാ ‘പിങ്ക് ലൈൻ' ഇൗവർഷം കമീഷൻ ചെയ്യും.
കോഴിക്കോട് ലൈറ്റ് മെട്രോ
കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകും
തിരുവനന്തപുരം മെട്രോ
തലസ്ഥാനനഗരിയുടെ യാത്രാപ്രശ്‌നം പരിഹരിക്കാൻ, സർക്കാർ പ്രഖ്യാപിച്ച മെട്രോ പദ്ധതിയുടെ അനുമതിയും പ്രാഥമിക പ്രവർത്തനങ്ങളും ഇൗ വർഷം പകുതിയോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു
മലയോരപാത
കാസർകോട് ജില്ലയിലെ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശാല വരെ നീളുന്ന 1,267 കിലോമീറ്റർ ദൂരമുള്ള പാത. കിഫ്‌ബി സഹായത്തോടെ നിർമിക്കുന്ന പാത പൂർത്തിയാകും.
തീരദേശപാത
തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ കാസർകോട് ജില്ലയിലെ കുഞ്ചത്തൂർ വരെ സംസ്ഥാനത്തെ ഒമ്പത് തീരദേശജില്ലകളിലൂടെ കടന്നുപോകുന്ന 656 കിലോമീറ്ററുള്ള പാത അതിവേഗം നിർമാണത്തിൽ.
വയനാട് തുരങ്കപാത
വയനാടിന്റെ മാത്രം സ്വപ്‌നമല്ല 8.73 കിലോമീറ്റർ നീളമുള്ള തുരങ്കപാത. ഇൗവർഷം പൂർത്തിയാകില്ലെങ്കിലും കിഫ്‌ബി വഴി 2,134.50 കോടി രൂപ മുതൽമുടക്കിൽ സർക്കാർ നിർമിക്കുന്ന ഇരട്ടടണൽ പാത ആധുനിക സാങ്കേതികവിദ്യയുടെ അത്‌ഭുതം കാട്ടിത്തരും.
വിഴിഞ്ഞം തുറമുഖം
പോയവർഷം ആദ്യഘട്ടം പൂർത്തിയായ വിഴിഞ്ഞംതുറമുഖത്തിന്റെ രണ്ടാംഘട്ടം അതിവേഗം പുരോഗമിക്കുകയാണ്. കേരളവികസനത്തിന്റെ വാതായനംകൂടിയാകുന്നു വിഴിഞ്ഞം.
ശബരി റെയിൽ
പദ്ധതി സ്ഥലമേറ്റെടുപ്പ് നടപടികൾക്കായി സംസ്ഥാന സർക്കാർ കൂടുതൽ തുക അനുവദിച്ചു. ആദ്യഘട്ട നിർമാണം ഇൗവർഷം തുടങ്ങിയേക്കും.
ഐടി പാർക്ക് വികസനം
ടെക്നോപാർക്ക് നാലാം ഘട്ടം (ഡിജിറ്റൽ സയൻസ് പാർക്ക്), കൊച്ചി ഐടി കോറിഡോർ എന്നിവയുടെ നിർണായക ഭാഗങ്ങൾ പൂർത്തിയാകും.
കൊച്ചി പെട്രോ കെമിക്കൽ പാർക്ക്
കൊച്ചിയെ പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബാക്കാൻ ലക്ഷ്യമിട്ടുള്ള പെട്രോകെമിക്കൽ പാർക്കിൽ ഉദ്ഘാടനത്തിന് മുമ്പുതന്നെ ഏഴ് യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. 24 കമ്പനികൾക്ക് ഭൂമി അനുവദിച്ചു. കൊച്ചി റിഫൈനറിയിൽനിന്നുള്ള ഉപോൽപ്പന്നങ്ങൾ ഉപയോഗപ്പെടുത്തി സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് അവസരമൊരുക്കുന്നതാണ് 1200 കോടിയുടെ പദ്ധതി. കിൻഫ്രയാണ് അമ്പലമുഗളിൽ 481.79 ഏക്കറിൽ പദ്ധതി നടപ്പാക്കുന്നത്.
സ്പോർട്സ് ഹബ്ബുകൾ
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സ്പോർട്സ് ഹബ്ബുകൾ പ്രവർത്തനസജ്ജമാകും.
വയനാട് ടൗൺഷിപ്പ്
മുണ്ടക്കൈ ചൂരൽമല പ്രദേശവാസികൾക്കുള്ള വയനാട് ടൗൺഷിപ്പ് യാഥാർഥ്യമാകുന്നതുതന്നെയാണ് ഇൗവർഷത്തെ ഏറ്റവും പ്രധാന നാഴികക്കല്ല്.
വൈബ് ഫോർ വെൽനെസ്
സർക്കാരിന്റെ ആരോഗ്യം ആനന്ദം പദ്ധതിക്ക് പുതുവത്സരദിനത്തിൽ തുടക്കം
ഫുട്ബോൾ അക്കാദമികൾ
മലപ്പുറം, കണ്ണൂർ ജില്ലകളിൽ സർക്കാർ തലത്തിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമികളുടെ കെട്ടിട നിർമാണങ്ങൾ 2026-ൽ പൂർത്തിയാകും.
പാലക്കാട് സ്‌മാർട്ട് സിറ്റി
കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള പദ്ധതിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ) ചെലവ് 3600 കോടി രൂപയാണ്. സ്ഥലം ഏറ്റെടുത്തു. ടെൻഡർ നടപടി പൂർത്തിയായി.
ആശുപത്രികളുടെ നവീകരണം
കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന സംസ്ഥാനത്തെ അമ്പതിലേറെ താലൂക്ക് ആശുപത്രികളിൽ പുതിയ കെട്ടിടങ്ങളും അത്യാധുനിക ഡയാലിസിസ് യൂണിറ്റുകളും.
ക്യാൻസർ കെയർ ശൃംഖല
കൊച്ചി കാൻസർ സെന്ററിന്റെ പുതിയ കെട്ടിടം പൂർത്തിയാക്കി .കൂടുതൽ ചികിത്സാ സൗകര്യങ്ങൾ. ജില്ലാ ആശുപത്രികളിൽ കാൻസർ ചികിത്സാ കേന്ദ്രങ്ങൾ
മെഡിക്കൽ കോളേജുകൾ
വയനാട്, ഇടുക്കി, കാസർകോട്, കോന്നി മെഡിക്കൽ കോളേജുകളിലെ ഹോസ്പിറ്റൽ ബ്ലോക്കുകൾക്കും ഉപകരണങ്ങൾ വാങ്ങാനും കിഫ്ബി ഫണ്ട്
കെ- ഫോൺ
സംസ്ഥാനത്തെ എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യ/കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് നൽകുന്ന പദ്ധതിയുടെ അന്തിമ വിപുലീകരണം ഇൗവർഷം
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസനം ഉൾപ്പെടെ കിഫ്ബി ധനസഹായത്തോടെ 40-ലധികം മൾട്ടി പർപ്പസ് സ്റ്റേഡിയങ്ങളുടെ നിർമാണം പൂർത്തിയാകും.
നീന്തൽ കുളങ്ങൾ
എല്ലാ നിയോജക മണ്ഡലങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽ കുളങ്ങൾ നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായി ബാക്കിയുള്ള 20-ഓളം നീന്തൽ കുളങ്ങൾ 2026 അവസാനത്തോടെ പൂർത്തിയാകും.
ഡിജിറ്റൽ ഹെൽത്ത് മിഷൻ
സർക്കാർ ആശുപത്രികളിലെ ആരോഗ്യവിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതി പൂർണതോതിലാകും. രോഗികൾക്ക് ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാം, പരിശോധനാ ഫലങ്ങൾ ഓൺലൈനായി കാണാം.
ഗ്രാമീണ കളിസ്ഥലങ്ങൾ
ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന പദ്ധതിയിൽ നൂറിലധികംകളിസ്ഥലം തുറന്നുകൊടുക്കും. കലിക്കറ്റ് സർവകലാശാലയുടെ സ്ഥലത്ത് അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയം
മുഖ്യമന്ത്രിയുടെ നവകേരള ഗവേഷണ ഫെലോഷിപ്
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഗവേഷകർക്ക് ആദ്യ വർഷം മാസം 50,000 രൂപ. രണ്ടാംവർഷം ഒരുലക്ഷം രൂപ
ക്ഷേമപദ്ധതികൾ
രാജ്യത്താദ്യമായി സ്‌ത്രീസുരക്ഷാ പദ്ധതിയിൽ 32 ലക്ഷം സ്‌ത്രീകൾക്ക് മാസം 1000 രൂപവീതം.
യുവാക്കൾക്ക് തൊഴിലിന് സഹായിക്കാൻ 5 ലക്ഷം പേർക്ക് കണക്ട് ടു വർക്ക് പദ്ധതിയിൽ മാസം 1000 രൂപവീതം.
അങ്കണവാടി, ആശ വർക്കർമാർ, സ്‌കൂൾ പാചകത്തൊഴിലാളികൾ എന്നിവർക്ക് വർധിച്ച അലവൻസ്










0 comments