ഗവ. ബീച്ച് ജനറൽ ആശുപത്രി അത്യാഹിത വിഭാഗം: പുതിയ 2 വാര്‍ഡ്, 116 കിടക്കകള്‍


സ്വന്തം ലേഖകൻ
Published on May 04, 2025, 12:00 AM | 2 min read
കോഴിക്കോട്: അധിക ആരോഗ്യപ്രവര്‍ത്തകരെയും കൂടുതൽ സംവിധാനങ്ങളും സജ്ജമാക്കി ഗവ. ബീച്ച് ജനറൽ ആശുപത്രി അത്യാഹിത വിഭാഗം. കൂടുതൽ രോഗികളെയും എല്ലാ പ്രതിസന്ധികളെയും നേരിടാൻ സർവസജ്ജമായി. ബീച്ച് ജനറൽ ആശുപത്രിയിലെ മുഴുവൻ ഡോക്ടർമാരും അത്യാഹിത വിഭാഗത്തിനുവേണ്ടി പ്രവർത്തിക്കും. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടെ തിരിച്ചുവിളിച്ചു. ഒപ്പം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 23 ഡോക്ടർമാരും 10 നഴ്സിങ് ജീവനക്കാരും അത്യാഹിത വിഭാഗത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തിനായി ഒന്ന്, മൂന്ന് വാർഡുകൾ നവീകരിച്ച് തുറന്നു. 116 കിടക്കകൾ സജ്ജീകരിച്ചു. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളുടെ ആരോഗ്യ വിവരം മെഡിക്കൽ കോളേജിലെയും ജനറൽ ആശുപത്രിയിലെയും ഡോക്ടർമാർ പരിശോധിക്കും. തുടർന്ന് സൗകര്യം പരിഗണിച്ചായിരിക്കും ഏത് ആശുപത്രിയിലാണ് ശസ്ത്രക്രിയ എന്ന് തീരുമാനിക്കുക. ശസ്ത്രക്രിയക്ക് ഒരു കാരണവശാലും മുടക്കമുണ്ടാകില്ല. ദിവസവും വൈകിട്ട് നാലുമുതൽ ആറുവരെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ പരിശോധനയുണ്ടാകും. സ്ഥിതി വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ദിവസവും രാവിലെയും വൈകിട്ടും യോഗം ചേരും.
ബീച്ച് ആശുപത്രിയില്‍ 34 പേർ
മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ശനിയാഴ്ച രാത്രിയോടെ രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ബീച്ച് ജനറൽ ആശുപത്രിയിലേക്ക് 80 പേരെ മാറ്റി. ഇതിൽ 34 പേർ ഇവിടെ വിവിധ വിഭാഗങ്ങളിൽ ചികിത്സയിലുണ്ട്. ബാക്കിയുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി വാർഡുകളിൽ പ്രവേശിപ്പിച്ചു. മിംസ് –- മൂന്ന്, ബേബി മെമ്മോറിയൽ –- ആറ്, ഇഖ്റ –- എട്ട്, നിർമല –-രണ്ട്, സഹകരണ ആശുപത്രി –- ഒന്ന്, സ്റ്റാർ കെയർ –- രണ്ട് എന്നിങ്ങനെയാണ് ചികിത്സയിലുള്ളത്.
പൂർണസജ്ജം
രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളുമൊരുക്കി. അത്യാഹിത വിഭാഗത്തിന് സേവനങ്ങള്‍ക്ക് ആശുപത്രിയിൽനിന്ന് പുറത്ത് പോകേണ്ട സ്ഥിതിയുണ്ടാകില്ല- ഡോ. സി കെ ജീവൻ ലാൽ (സൂപ്രണ്ട്, ഗവ. ബീച്ച് ജനറൽ ആശുപത്രി)
മൃതദേഹങ്ങൾ വിട്ടുനൽകി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുപിഎസ് പൊട്ടി പുക പടർന്ന ദിവസം മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വെസ്റ്റ്‌ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വിഷം കഴിച്ചനിലയിൽ എത്തിച്ച വയനാട് മേപ്പാടി സ്വദേശി നസീറ എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോർട്ടത്തിനുശേഷം വിട്ടുനൽകിയത്. ആത്മഹത്യചെയ്‌തനിലയിൽ അപകടസമയത്ത് ആശുപത്രിയിൽ എത്തിച്ച പശ്ചിമ ബംഗാൾ സ്വദേശി ഗംഗയുടെ മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടം നടത്തും. ആത്മഹത്യാ ശ്രമം നടത്തിയതിനാൽ നസീറയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടംചെയ്യേണ്ടിയിരുന്നു. അപകടമുണ്ടായ സാഹചര്യത്തിലാണ് സുരേന്ദ്രൻ, ഗംഗാധരൻ, ഗോപാലൻ എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിയത്.









0 comments