print edition വൈദ്യുതി കണക്ഷൻ: പുതിയ നിരക്ക് പ്രാബല്യത്തിൽ

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനെടുക്കാൻ എല്ലാ ഉപയോക്താക്കൾക്കും കണക്ടഡ് ലോഡ് അടിസ്ഥാനമാക്കി നിരക്ക് നിശ്ചയിച്ചത് തിങ്കൾമുതൽ പ്രാബല്യത്തിൽ. കെഎസ്‌ഇബിയുടെ ശുപാർശ അംഗീകരിച്ച് റെഗുലേറ്ററി കമീഷൻ ഉത്തരവിട്ടിരുന്നു. ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റ് സംവിധാനങ്ങളും ആവശ്യമായ കണക് ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്. അധിക ലൈൻ, പോസ്റ്റ്, ട്രാൻസ്‌ഫോർമർ തുടങ്ങിയവ ആവശ്യമുള്ളവർക്ക് നേട്ടവും അല്ലാത്തവർക്ക് നഷ്ടവും ആകുംവിധമാണ് പരിഷ്‌കാരം.
രണ്ട് കിലോവാട്ടുവരെ സിംഗിൾ ഫെയ്‌സ് ഗാർഹിക കണക്ഷന് രണ്ടായിരം രൂപയാണ് നിരക്ക്. ഇതുവരെ അഞ്ചുകിലോവാട്ടുവരെ 1740 രൂപയായിരുന്നു. രണ്ടിനുമുകളിൽ അഞ്ച് കിലോവാട്ടുവരെ 1740 രൂപയിൽനിന്ന് 5000 രൂപയാക്കി. ഗാർഹികേതര കണക് ഷന് ഒരു കിലോവാട്ടുവരെ 2500 രൂപയും രണ്ട് കിലോവാട്ടുവരെ മൂവായിരം രൂപയുമാണ്.
ത്രീഫെയ്‌സിൽ അഞ്ചുമുതൽ 10 കിലോവാട്ടുവരെ 4220 രൂപയായിരുന്നു. ഇത് അഞ്ചുമുതൽ ഏഴുവരെ 8000 രൂപയും ഏഴുമുതൽ 10 വരെ 10,000 രൂപയുമാക്കി. എൽടി ത്രീഫെയ്‌സിൽ 10 മുതൽ 25 കിലോവാട്ടുവരെ 14,420 രൂപയെന്നത് 10 മുതൽ 30 കിലോവാട്ടുവരെ ഒരു കിലോവാട്ടിന് 1560 രൂപവീതവും 25 കിലോവാട്ടിന് 39,000 രൂപയുമാണ് പുതിയ നിരക്ക്. മുന്പ് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക് ഷന് 21,750 രൂപ ആയിരുന്നത് പുതിയ നിരക്കിൽ 2.11 ലക്ഷം രൂപയാകും.









0 comments