കോട്ടയമോ പത്തനംതിട്ടയോ കേന്ദ്രീകരിച്ച് സെൻട്രൽ ജയിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം
കോട്ടയമോ പത്തനംതിട്ടയോ കേന്ദ്രീകരിച്ച് പുതിയൊരു സെൻട്രൽ ജയിൽ നിർമിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ജയിലുകളിൽ പലതും കാലപ്പഴക്കമുള്ളതാണ്. ഇവ കാലാനുസൃതമായി നവീകരിക്കുന്നുണ്ട്. രാഷ്ട്രീയ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളോ അവകാശങ്ങളോ അനുവദിക്കുന്നില്ല. ജയിലുകളിൽ അച്ചടക്കം പാലിച്ചു പോകുന്നതിനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും മറ്റുള്ളതെല്ലാം ദുഷ്‌പ്രചാരണങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.
ജയിലുകളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നില്ല. ചട്ടവിരുദ്ധമായ നപടികൾ അന്തേവാസികളുടെ ഭാഗത്ത് നിന്നുണ്ടായാൽ കർശന നടപടിയുണ്ടാവും. സുരക്ഷയ്ക്ക് ഗൗരവ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഇതേക്കുറിച്ച് അന്വേഷിച്ച് ഭാവിയിൽ സ്വീകരിക്കേണ്ട സുരക്ഷാനടപടികൾ എന്തൊക്കെയെന്ന് ശുപാർശ ചെയ്യാൻ റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. പ്രധാന ജയിലുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനായി അടിസ്ഥാനസൗകര്യം വികസനം, മാനവവിഭവശേഷി, ഉദ്യോഗസ്ഥ പരിശീലനം തുടങ്ങിയവ സമഗ്രമായി വിലയിരുത്തി പ്രായോഗിക നിർദേശങ്ങളും സമിതി സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയം, പൗരത്വ ഭേദഗതി നിയമം
ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്ന നടപടി പുരോഗമിക്കുന്നു
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുണ്ടായ സുപ്രീംകോടതി വിധിയെ തുടർന്നും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിനെ തുടര്‍ന്നും ഉണ്ടായ വിവിധ സംഭവങ്ങളിൽ, ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ എത്രയും വേഗം പിന്‍വലിക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കേസുകള്‍ പിന്‍വലിക്കുന്നതിന് ഓരോ കേസിലും കോടതിയിൽ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. 1047 കേസുകളിൽ പൊലീസ് തുടര്‍നടപടി ഒഴിവാക്കുകയും പിന്‍വലിക്കാനുളള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തു. 86 കേസുകള്‍ കോടതി മറ്റുതരത്തില്‍ തീര്‍പ്പാക്കി. 278 കേസുകള്‍ വെറുതെ വിട്ടു. 726 കേസുകള്‍ കോടതി ശിക്ഷിച്ചു. 692 കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്. ഗുരുതരസ്വഭാവമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ചില കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.









0 comments