നേപ്പാൾ മിന്നൽ പ്രളയം; 13 മലയാളികൾ കൂടി നാട്ടിലെത്തി

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽപ്പെട്ട 13 മലയാളികൾ കൂടി സുരക്ഷിതരായി നാട്ടിലെത്തി. കോഴിക്കോട് കുന്നമംഗലം സ്വദേശികളായ നാലംഗ കുടുംബവും ഡാർജിലിങ്ങിലെത്തിയ നാലംഗ കുടുംബവും കാസർകോട് നിന്നുള്ള അഞ്ചംഗ സംഘം എന്നിവരാണ് ഇന്ന് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി 31 പേർ മടങ്ങിയെത്തിയിരുന്നു. കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 മലയാളികൾ ഉൾപ്പെടുന്ന 23 അംഗ സംഘത്തിലെ 11 പേർ ഡൽഹിയിലെത്തി. ഇവർ കേരളത്തിലേക്കും മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും യാത്ര തിരിച്ചു. സംഘത്തിലെ എട്ടു മലയാളികൾ നിലവിൽ കാഠ്മണ്ഡുവിൽ സുരക്ഷിതരാണ്.
പ്രളയ സാഹചര്യത്തിൽ നേപ്പാളിൽ പെട്ടുപോയ മലയാളികളിൽ ഏഴു പേരെക്കുറിച്ച് ഇനിയും വിവരമില്ല. നാലുപേർ ഓസ്ട്രേലിയൻ പൗരത്വമുള്ളവരും ഒരാൾക്ക് ബ്രിട്ടീഷ് പൗരത്വവും മറ്റൊരാൾക്ക് യുഎസ് പൗരത്വവുമാണുള്ളത്. ദുരന്തമുണ്ടായി ആറ് ദിവസമാകുമ്പോഴും ഇവർ സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇതോടെ, സർക്കാർ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി. ബന്ധപ്പെടാനാകാത്ത ഏഴ് പേരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് നോർക അറിയിച്ചു. നോർക ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട 52 പേരിൽ 45 പേരും സുരക്ഷിതരാണ്. ഇവരിൽ 16 പേർ കഴിഞ്ഞ ദിവസം നാട്ടിലെത്തി. മറ്റുള്ളവർ മടക്കയാത്രയ്‌ക്കുള്ള ശ്രമത്തിലാണ്.
23 അംഗ സംഘം കാഠ്മണ്ഡുവിലെത്തി
കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 മലയാളികൾ ഉൾപ്പെടുന്ന 23 അംഗ സംഘം സുരക്ഷിതരായി കാഠ്മണ്ഡുവിലെത്തി. നാട്ടിലേക്കുള്ള യാത്രയ്‌ക്ക് തയാറെടുക്കുകയാണ്. കൈലാസത്തിന്റെ ബേസ് ക്യാമ്പായ ദാർച്ചയിൽ നിൽക്കുമ്പോഴാണ് പ്രളയത്തിൽപ്പെട്ടത്. തുടർന്ന് ഇവരെ കോട്ടാരി വഴി ‘സേവ' ക്യാമ്പിൽ എത്തിച്ചു. നേപ്പാളിൽ നിന്നും മടങ്ങുന്നവരിൽ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ സംഘവുമുണ്ട്. ഇവർ കൈലാസ ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. ഇന്ന് വൈകുന്നേരത്തോടെ ഇവർ കാഠ്മണ്ഡുവിൽ എത്തും. ഇവർ സുരക്ഷിതരായി യാത്ര ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഘത്തിലെ മറ്റുളളവർ കേരളത്തിൽ കുടുംബവേരുളള ബ്രിട്ടീഷ് പൗരത്വമുളളവരാണ്. ഇതുകൂടാതെ, ട്രാവൽ ഏജൻസി വഴി കാഠ്മണ്ഡുവിലേക്കുപോയ 44 അംഗസംഘം ഇന്ത്യയിൽ തിരിച്ചെത്തി. നിലവിൽ ഗോരക്‌പുരിലുള്ള ഇവർ ബസിൽ ബഗളൂരുവിലേയ്ക്ക് തിരിച്ചു. തിങ്കളാഴ്‌ച ഇവർ കോഴിക്കോട് എത്തിച്ചേരുമെന്നും അറിയിച്ചു.









0 comments