ad
Deshabhimani

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം

കൃഷിഭൂമി വിട്ടുകൊടുക്കില്ല; 
കിഴക്കൻമേഖല സംഘടിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 31, 2026, 12:28 AM | 2 min read

കൊല്ലം

ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്തിയുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തിനെതിരെ കിഴക്കൻ മേഖലയിലെ ജനങ്ങൾ സംഘടിക്കുന്നു. ജനവാസമേഖലയെ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ നടത്താത്ത സംസ്ഥാന സർക്കാരിനെതിരെയും പ്രതിഷേധം കനക്കുന്നു. കാലങ്ങളായി അധ്വാനിച്ച്‌ പൊന്നുവിളയിക്കുന്ന കൃഷിഭൂമിയും താമസസ്ഥലവും വിട്ടുകൊടുക്കില്ലെന്ന്‌ കൃഷിക്കാരും കർഷകത്തൊഴിലാളികളും സാധാരണക്കാരും പറയുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുടെ കണ്ണുതുറപ്പിക്കാൻ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പരിസ്ഥിതിലോല മേഖലാ സമര പ്രഖ്യാപന കൺവൻഷൻ മൂന്നിന്‌ കുളത്തൂപ്പുഴ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ ചേരും. ഓൾ ഇന്ത്യ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും. മുൻ മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ​പുനലൂർ താലൂക്കിലെ കുളത്തൂപ്പുഴ, തിങ്കൾകരിക്കം, തെന്മല, ഇടമൺ, ആര്യങ്കാവ്, ഏരൂർ, പത്തനാപുരം താലൂക്കിലെ പത്തനാപുരം, പിടവൂർ വില്ലേജുകളാണ്‌ ജില്ലയിൽ പരിസ്ഥിതിലോല മേഖലകളായി വിജ്ഞാപനംചെയ്ത കരടുപട്ടികയിലുള്ളത്. തലമുറകളായി ഇവിടങ്ങളില്‍ താമസിക്കുന്നവരും കൃഷിചെയ്യുന്നവരുമായ ആയിരക്കണക്കിന്‌ കുടുംബങ്ങളാണ്‌ പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്നത്‌. ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. കുളത്തൂപ്പുഴ, തിങ്കൾക്കരിക്കം, തെന്മല, ഇടമൺ, ആര്യങ്കാവ് വില്ലേജുകൾ പരിസ്ഥിതിലോല മേഖലകളായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ വനാതിർത്തികളിൽ താമസിച്ചും കൃഷിചെയ്തും കഴിയുന്നവരും ആശങ്കയിലായി. കുളത്തൂപ്പുഴ, തെന്മല, ഇടമൺ, ആര്യങ്കാവ് തുടങ്ങിയ നഗര പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടതോടെ ഇവിടത്തെ വ്യാപാരികളുടെയും വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടങ്ങൾ നിർമിച്ചവരുടെയും ജീവിതവും വഴിമുട്ടി. അതിനിടെ വനവുമായി ചേരുന്ന കുറച്ചുസ്ഥലങ്ങൾ മാത്രമുള്ള ഏരൂർ വില്ലേജിനെയും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നീക്കം പ്രദേശവാസികളെ അന്പരിപ്പിച്ചു. ഭാരതീപുരം, പാണയം, മറവൻചിറ പ്രദേശങ്ങളിലെ ചില സ്ഥലങ്ങളാണ്‌ വനത്തിനു സമീപമുള്ളത്. അവിടെ കൃഷിയും മറ്റു തൊഴിലുകളുമായി ഒട്ടേറെ കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. ഒരിടത്തുപോലും പ്രകൃതിക്ഷോഭമോ മലയിടിച്ചിൽ പോലെയുള്ള പ്രശ്നങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. ഘോരവനം അല്ലാത്തതിനാൽ ഇവിടെ ആന, കടുവ എന്നിവയുടെ സാന്നിധ്യവുമില്ല. വില്ലേജിൽപ്പെട്ട പത്തടി, ഏരൂർ, ആലഞ്ചേരി തുടങ്ങിയ സ്ഥലങ്ങൾക്ക് ടൗണിന്റെ സ്വഭാവമാണുള്ളത്‌. നിർമാണപ്രവർത്തനങ്ങൾക്കും ഇവിടെ നിയന്ത്രണം വരും. അപകടകരമായ വൃക്ഷങ്ങൾ മുറിക്കുന്നതിനും നിയമത്തിന്റെ നൂലാമാലകൾ കടക്കേണ്ടിവരും. പുതിയ റോഡുകൾ നിർമിക്കുന്നതിനും തടസ്സം ഉണ്ടാകും. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഭൂമിശാസ്ത്രപരമായി വില്ലേജുകൾ നിശ്ചയിച്ചതിലെ ആശയക്കുഴപ്പത്തിലാണ്‌ പത്തനാപുരം, പിടവൂർ വില്ലേജുകളിലെ നാട്ടുകാർ. മല–വനമേഖലകളോടു ചേർന്നുനിൽക്കാത്ത വില്ലേജുകളെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയത്‌ അശാസ്ത്രീയമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home