ad
Deshabhimani

print edition നെന്മാറ ഇരട്ടക്കൊലക്കേസ്‌: ചെന്താമര കുറ്റക്കാരൻ; ശിക്ഷ നാളെ

Chenthamara.jpg

നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയെ കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു

വെബ് ഡെസ്ക്

Published on Jul 14, 2026, 01:40 AM | 2 min read

പാലക്കാട്‌: നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമര കുറ്റക്കാരനെന്ന്‌ കോടതി കണ്ടെത്തി. തിരുത്തന്പാടം സുധാകരൻ (55), ലക്ഷ്‌മി (75) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ്‌ അയൽവാസി ചെന്താമര (ചെന്താമരാക്ഷൻ, 60) കുറ്റക്കാരനെന്ന്‌ പാലക്കാട്‌ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത്‌ ജോർജ്‌ കണ്ടെത്തിയത്‌. ശിക്ഷാവിധിയിൽ നാളെ വാദം കേൾക്കും. ഇരട്ടക്കൊലയ്‌ക്ക്‌ ബിഎൻഎസ്‌ 103–1, സുധാകരനെ തടഞ്ഞുവച്ചതിന്‌ ബിഎൻഎസ്‌ 126–2 വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌.


2025 ജനുവരി 27നാണ്‌ സംഭവം. സുധാകരന്റെ ഭാര്യ സജിത(35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജാമ്യത്തിലിറങ്ങിയപ്പോഴാണ്‌ ഇരട്ടക്കൊലപാതകം നടത്തിയത്‌. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക്‌ നയിച്ചത്‌.


2019 ആഗസ്ത് 31നാണ് സജിതയെ വീട്ടിൽക്കയറി വെട്ടിക്കൊന്നത്. ആദ്യകൊലപാതകത്തിൽ 2025 ഒക്‌ടോബർ 15നാണ്‌ ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചത്‌. ചെന്താമര പ്രതിയായ ആദ്യ കേസിൽ വിധിപറഞ്ഞ പാലക്കാട്‌ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത്‌ ജോർജാണ്‌ രണ്ടാമത്തെ കേസിലും വിധിപറയുന്നത്‌ എന്ന അപൂർവതയുമുണ്ട്‌. എം ജെ വിജയകുമാറാണ്‌ രണ്ട്‌ കേസുകളിലും പബ്ലിക്‌ പ്രോസിക്യൂട്ടർ.


ചുരുങ്ങിയ കാലയളവിൽ 132 സാക്ഷികളിൽനിന്ന്‌ പ്രോസിക്യൂഷൻ തെളിവിലേയ്ക്കാവശ്യമായ 81 സാക്ഷികളെയും 91 രേഖകളും 28 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ആലത്തൂർ ഡിവൈഎസ്‌പി മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌.


‘എന്നെ തൂക്കിക്കൊല്ലാൻ വിധിക്ക്‌’


പാലക്കാട്‌: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന്‌ വിധിച്ച ജഡ്‌ജി കെന്നത്ത്‌ ജോർജ് ചെന്താമരയോട്‌ ചോദിച്ചു: ‘എന്തെങ്കിലും പറയാനുണ്ടോ’? ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.


‘വധശിക്ഷ ഉൾപ്പെടെ ലഭിക്കാവുന്ന കേസാണല്ലോ?’ ‘എന്നെ തൂക്കിക്കൊല്ലാൻ വിധിക്ക്‌.

‘എന്താണ്‌ ജോലി?’ ‘ഭാരത്‌ പെട്രോളിയത്തിന്റെ ടാങ്കർ ഡ്രൈവർ.’ ‘ഏതുവരെ പഠിച്ചു?’ ‘എട്ടാംക്ലാസ്‌.’


‘ജയിച്ചോ?’ ‘ഇല്ല.. അധ്യാപകനെ തല്ലിയവനെ എങ്ങനെ ജയിപ്പിക്കാനാണ്‌.’

‘ഭാര്യയും മക്കളുമായി ബന്ധമുണ്ടോ?’ ‘ജയിലിൽക്കിടക്കുന്നവനെ ആരുകാണാൻ വരാൻ. ഒരു ബന്ധവുമില്ല. ’

‘എത്ര വർഷം ജയിലിൽ കിടന്നു ?’ ‘കൃത്യമായി അറിയില്ല. ഒന്നേകാൽ വർഷമായെന്ന്‌ തോന്നുന്നു. ’


‘ജയിലിൽനിന്നിറങ്ങിയാൽ കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണല്ലോ റിപ്പോർട്ട്‌’? ‘ഞാൻ ഇതുവരെ ജാമ്യത്തിനുപോലും കൊടുത്തിട്ടില്ല.. ഞാനായിട്ട്‌ അങ്ങോട്ട്‌ പോകില്ല. ഇങ്ങോട്ട്‌ വന്നാൽ വിടുകയുമില്ല.. ഗാന്ധിജിയൊന്നുമല്ലല്ലോ..’


‘കുറ്റബോധമുണ്ടോ?’ ‘അവനവന് വന്നാലേ വേദന മനസ്സിലാകൂ .. നിങ്ങൾക്ക്‌ വന്നിട്ടില്ലല്ലോ.. ’


‘മാനസിക പ്രശ്‌നങ്ങളൊന്നുമില്ലല്ലോ?’ ‘ഉണ്ടെന്ന്‌ ആരാ പറഞ്ഞത്‌.

കള്ളന്മാരെയും വഞ്ചകരെയും എനിക്ക്‌ ഇഷ്ടമല്ല. അതുകൊണ്ടാണ്‌ സഹതടവുകാരെ ഇഷ്ടമല്ലാത്തത്‌.’ ഇതായിരുന്നു ജഡ്‌ജിയുടെ ചോദ്യങ്ങൾക്ക്‌ ചെന്താമര കോടതിയിൽ നൽകിയ മറുപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home