print edition പുതിയ മെമു റേക്ക്: കേരളത്തോട് റെയിൽവേയുടെ അവഗണന; മിണ്ടാതെ സർക്കാർ

സ്വന്തം ലേഖകൻ
Published on Aug 15, 2026, 02:42 AM | 1 min read
കൊല്ലം: കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേക്ക് പുതിയ മെമു റേക്കുകൾ അനുവദിക്കാതെ റെയിൽവേ ബോർഡ്. യാത്രക്കാരിൽ പ്രതിഷേധം ശക്തമായിട്ടും പ്രതികരിക്കാതെ സംസ്ഥാന സർക്കാർ. റെയിൽവേ ബോർഡ് ജൂലൈ ഒന്നിന് പുറപ്പെടുവിച്ച 2023/Elect.(G)/181/11 നമ്പർ കത്ത് പ്രകാരം 2026–27 സാമ്പത്തിക വർഷത്തേക്ക് 12 കോച്ചുകളുള്ള 30 പുതിയ മെമു റേക്കുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, അനുവദിച്ച മുഴുവൻ റേക്കുകളും ഉത്തര റെയിൽവേ, നോർത്ത്– ഈസ്റ്റേൺ റെയിൽവേ, നോർത്ത്– സെൻട്രൽ റെയിൽവേ സോണുകൾക്കാണ് നൽകിയത്. ദക്ഷിണ റെയിൽവേയെ പൂർണമായി അവഗണിച്ചു. എന്നാൽ, മുഖ്യമന്ത്രിയോ റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രിയോ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കാൻ തയ്യാറായില്ല. കേരളത്തിൽ ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് മെമുവിൽ യാത്രചെയ്യുന്നത്. എറണാകുളം– കോട്ടയം– കൊല്ലം റൂട്ടിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനാൽ കൂടുതൽ മെമു സർവീസ് വേണമെന്നാണ് ആവശ്യം.
ദക്ഷിണ റെയിൽവേക്ക് ആവശ്യമായ പുതിയ 12 കോച്ച് മെമു റേക്കുകൾ അനുവദിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇതുസംബന്ധിച്ച് ട്രെയിൻ യാത്രക്കാരുടെ വിവിധ സംഘടനകൾ റെയിൽവ മന്ത്രിക്കും ബോർഡിനും കത്തയച്ചു. നിലവിലുള്ള മെമു സർവീസുകളിൽ കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തണമെന്നും തിരക്കേറിയ റൂട്ടുകളിൽ പ്രത്യേകിച്ച് പീക്ക് അവറുകളിൽ അധിക സർവീസുകൾ ആരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.









0 comments