ad
Deshabhimani

തണലായി നീതി മെഡിക്കൽ സ്‌റ്റോറുകൾ: ജനങ്ങളിലെത്തിയത്‌ 150.31 കോടിയുടെ ഇളവുകൾ

neethi medical store.
avatar
ഫെബിൻ ജോഷി

Published on Feb 18, 2025, 08:57 PM | 2 min read

ആലപ്പുഴ: കുത്തകകളുടെ താൽപ്പര്യങ്ങൾക്ക്‌ വഴങ്ങി അവശ്യമരുന്നുകളുടെയടക്കം വില കേന്ദ്രസർക്കാർ അടിക്കടി വർധിപ്പിക്കുമ്പോഴും സാധാരണക്കാർക്ക്‌ ആശ്വാസമായി കൺസ്യൂമർഫെഡ്‌ നീതി മെഡിക്കൽ സ്‌റ്റോറുകൾ. സഹകരണമേഖലയുമായി ചേർന്ന്‌ കഴിഞ്ഞവർഷംമാത്രം 150.31 കോടിയുടെ ഇളവാണ്‌ നീതി മെഡിക്കൽ സ്‌റ്റോറുകൾ ജനങ്ങളിലെത്തിച്ചത്‌.


2024 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ 235.81 കോടി രൂപയാണ്‌ നീതി മെഡിക്കൽ സ്‌റ്റോറുകളുടെ വിറ്റുവരവ്‌. സംസ്ഥാനത്തെ 1268 നീതി മെഡിക്കൽ സ്‌റ്റേറുകളും മരുന്നുകളുടെ വിതരണത്തിനായി വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 12 വെയർ ഹൗസുകളും വഴിയാണിത്‌. കൺസ്യൂമർഫെഡ്‌ നേരിട്ട്‌ നടത്തുന്ന 74 ഉം പ്രാഥമിക സഹകരണ സംഘങ്ങൾ നടത്തുന്ന 1194 ഉം നീതി മെഡിക്കൽ സ്‌റ്റോറുകളാണ്‌ സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്നത്‌.


നേരിട്ടുള്ള സ്‌റ്റോറുകളിലൂടെ 14.71 കോടിയുടെയും സഹകരണസംഘങ്ങൾ നടത്തുന്ന സ്‌റ്റോറുകളിലൂടെ 135.60 കോടിയുടെയും ഇളവുകളാണ്‌ പൊതുജനങ്ങൾക്ക്‌ ലഭിച്ചത്‌. പ്രതിദിനം 63,000 ഓളം പേർ മരുന്നുകൾക്കായി നീതി മെഡിക്കൽ സ്‌റ്റോറുകളെ ആശ്രയിക്കുന്നു. മരുന്നുകൾക്ക് 16 മുതൽ 70 ശതമാനംവരെ ഇളവ്‌ നൽകിയാണ്‌ മരുന്നുകളുടെ വിൽപ്പന. കാൻസർ രോഗികൾക്കുള്ള മരുന്നുകൾക്ക്‌ 70 ശതമാനംവരെ ഇളവ്‌ ലഭിക്കും. 2016ൽ 496 നീതി മെഡിക്കൽ സ്‌റ്റോറുകളാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ പിന്നീട്‌ അധികാരത്തിലെത്തിയ എൽഡിഎഫ്‌ സർക്കാർ സ്‌റ്റോറുകളുടെ ശൃഖല വർധിപ്പിച്ചു. നിലവിൽ കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കൺസ്യൂമർഫെഡിന്റെ മെഡിക്കൽ ഔട്ട്‌ലെറ്റുകളുണ്ട്‌.


കമ്പിനികളിൽനിന്ന്‌ മരുന്നുവാങ്ങി ലാഭം ഒഴിവാക്കിയാണ്‌ കൺസ്യൂമർഫെഡ്‌ വിപണിയിലെത്തിക്കുന്നത്‌. നായനാർ മന്ത്രിസഭയിൽ സഹകരണമന്ത്രിയായിരുന്നു പിണറായി വിജയനാണ് 1998ൽ നീതി മെഡിക്കൽ സ്‌റ്റോറുകൾ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നത്‌. 100 സ്‌റ്റോറുകളുമായിയാണ് പ്രവർത്തനം ആരംഭിച്ചത്‌.


സഹകരണസംഘങ്ങൾ ആരംഭിക്കുന്ന നീതി മെഡിക്കൽ സ്‌റ്റോറുകൾക്ക് മരുന്ന്‌ സംഭരിച്ച് വിതരണം നടത്തേണ്ട ഏജൻസിയായി കൺസ്യൂമർഫെഡിനെ ചുമതലപ്പെടുത്തുകയുംചെയ്‌തു. പൊതുജനങ്ങൾക്ക് മാർക്കറ്റ്‌ വിലയേക്കാൽ കുറവിൽ മരുന്ന്‌ നൽകുന്നത് കാരണം ആദ്യകാലത്ത്‌ കമ്പനികളും വിതരണക്കാരുടെ സംഘടനയും കൺസ്യൂമർഫെഡിന് മരുന്ന് നൽകുന്നത്‌ വിലക്കിയിരുന്നു. സർക്കാരിന്റെ ശക്തമായ ഇടപെടലുകളിലൂടെയാണ്‌ പിന്നീട്‌ മരുന്നുകൾ നൽകി തുടങ്ങിയത്.


രജതജൂബിലിയിൽ കൂടുതൽ കിഴിവ്‌


ഏറ്റവും കുറഞ്ഞ നിരക്കിൽ സഹകരണസംഘങ്ങൾക്ക് മരുന്ന് നൽകാൻ കഴിയുന്ന തരത്തിൽ കഴിഞ്ഞവർഷം രജതജൂബിലി വിലനിർണയ നയം നടപ്പാക്കി. ഇതിന്റെ ഭാഗമായി 14 വരെയായിരുന്ന ഉപഭോക്താക്കൾക്കുള്ള വില ഇളവ്‌ 16 ശതമാനമായി ഉയർത്തി. സഹകരണ സംഘങ്ങൾക്കുള്ള ഇളവും വർധിപ്പിച്ചു. കാൻസർ,ഡയാലിസിസ് മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതോടൊപ്പം ജനറിക് മരുന്നുകളുടെ പ്രത്യേക വിഭാഗം കൂടി നീതി മെഡിക്കൽ സ്‌റ്റോറുകളിൽ ആരംഭിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home