നീറ്റ് പിജി: രണ്ടുഘട്ട പരീക്ഷയിൽ പ്രതിഷേധം


അശ്വതി ജയശ്രീ
Published on May 04, 2025, 12:00 AM | 1 min read
തിരുവനന്തപുരം : ജൂണിൽ നടക്കാനിരിക്കുന്ന നീറ്റ് പിജി പരീക്ഷ രണ്ടുഘട്ടമായി നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ രാജ്യവ്യാപക പ്രതിഷേധം. ഒറ്റഘട്ടമായി പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര സർക്കാർ, ദേശീയ മെഡിക്കൽ കമീഷൻ, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ്, ആരോഗ്യമന്ത്രാലയം എന്നിവരെ എതിർകഷികളാക്കി യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഇതേ ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ–- ജൂനിയർ ഡോക്ടേഴ്‌സ് നെറ്റ്‌വർക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. ജൂൺ 15നാണ് കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ. രാവിലെ ഒമ്പതുമുതൽ 12.30 വരെ ആദ്യ ഷിഫ്‌റ്റും വൈകിട്ട് 3.30മുതൽ രാത്രി ഏഴുവരെ രണ്ടാം ഷിഫ്‌റ്റ് പരീക്ഷയും നടക്കും. ഇത് പരീക്ഷയുടെ സുതാര്യതയെ ബാധിക്കുമെന്ന് പരീക്ഷാർഥികൾ പറയുന്നു.
2024ലും വിവാദങ്ങൾക്കിടെയായിരുന്നു നീറ്റ് പിജി പരീക്ഷ. ക്രമക്കേടും അഴിമതിയും പുറത്തായതോടെ പരീക്ഷ മൂന്നുതവണയാണ് മാറ്റിവച്ചത്.










0 comments