ad
Deshabhimani

print edition ഗൺമാൻമാർക്കെതിരായ കേസിൽ സർക്കാരിനെ വിമർശിച്ച് കോടതി; വാർത്തയുണ്ടാക്കിയിട്ട്‌ കാര്യമില്ല; തെളിവുവേണം

V D Satheesan.JPG

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on May 27, 2026, 02:45 AM | 1 min read

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് മുന്നിലേക്ക്‌ പ്രതിഷേധവുമായി പാഞ്ഞടുത്ത യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ മർദനമേറ്റെന്ന കേസിൽ പ്രോസിക്യൂഷനെയും അന്വേഷകസംഘത്തെയും കടുത്ത ഭാഷയിൽ വിമർശിച്ച് കോടതി. ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ചൊവ്വ രാവിലെ പരിഗണിക്കവേയാണ്‌ ജില്ലാ സെഷൻസ്‌ കോടതി ജഡ്‌ജി ഹണി എം വർഗീസിന്റെ പരാമർശം.


കേസിൽ പ്രാഥമികറിപ്പോർട്ട്‌ നൽകാത്തത്‌ എന്തുകൊണ്ടാണെന്ന്‌ കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഡിജിപിയുടെ യോഗത്തിന്‌ പോയെന്ന്‌ പ്രോസിക്യൂഷൻ അറിയിച്ചപ്പോൾ ഉദ്യോഗസ്ഥൻ എവിടെപ്പോയാലും വാർത്ത ഉണ്ടാക്കലല്ല, റിപ്പോർട്ടും തെളിവുമാണ്‌ വേണ്ടതെന്നും കോടതി പറഞ്ഞു.


ഗൺമാൻമാരുടെ പ്രവൃത്തി രാഷ്‌ട്രീയ ലക്ഷ്യത്തിലാണെന്ന്‌ തെളിയിക്കാനുള്ള ഒന്നുമില്ലെന്നും റിപ്പോർട്ട്‌ നൽകിയാൽ പരിശോധിക്കാമെന്നും കോടതി പറഞ്ഞു. ഇതനുസരിച്ച്‌ ഉച്ചയ്‌ക്കുശേഷം തൽസ്ഥിതി റിപ്പോർട്ട്‌ ഹാജരാക്കിയപ്പോഴും കോടതിയുടെ വിമർശനമുണ്ടായി. നിലവിൽ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്നും ജാമ്യഹർജിയെ എതിർക്കാൻ ഒന്നുമില്ലെന്നും കോടതി വ്യക്‌തമാക്കി. ജാമ്യം ലഭിക്കുന്ന വകുപ്പുകളായതിനാൽ മുൻകൂർ ജാമ്യാപേക്ഷയുടെ ആവശ്യമില്ലെന്ന്‌ വ്യക്തമാക്കി തുടർനടപടി അവസാനിപ്പിച്ചു.


എ ഡി തോമസ്‌ എംഎൽഎ, യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ അജയ് ജുവൽ കുര്യാക്കോസ്‌ എന്നിവരെ കേസിൽ കക്ഷിചേർക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home