Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി; സുഹൈൽ പുറത്തിറങ്ങി

suhail sajeev nedumbassery accident
വെബ് ഡെസ്ക്

Published on Nov 16, 2026, 02:30 PM | 2 min read

കൊച്ചി : മദ്യലഹരിയിൽ ഓടിച്ച ആഡംബര വാ​ഹനമിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ സുഹൈൽ പുറത്തിറങ്ങി. കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് 36 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയാണ് സുഹൈൽ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിന്നും തിങ്കൾ ഉച്ചക്ക് 2.15 ഓടെ പുറത്തിറങ്ങിയത്.


ഈ മാസം ആറിനാണ് ഹൈക്കോടതി സുഹൈലിന് ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നാല് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും, ഒന്നാം പ്രതിയായ സുഹൈലിനെ പത്ത് ദിവസത്തിന് ശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥ കോടതി മുന്നോട്ടുവെച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്ന് പുറത്തിറങ്ങിയത്.


ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും നൽകണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വാഹനം ഓടിച്ചിരുന്ന സുഹൈലിനെതിരെ നരഹത്യക്കുറ്റവും, ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരാണ് മറ്റു പ്രതികൾ.


ആസൂത്രിതമായാണ് സുഹൈലിനെ ബന്ധുക്കൾ സ്കൂളിൽ നിന്ന് പുറത്തിറക്കിയത്. മാധ്യമപ്രവർത്തകരെല്ലാം പുറത്തുണ്ടായിട്ടും സുഹൈലിന്റെ മുഖം കാമറയിൽ പതിയാതിരിക്കാനായി രണ്ടുപേർ ചേർന്ന് മുഖം മറച്ചുപിടിച്ചാണ് സുഹൈലിനെ കാറിൽ കയറ്റിയത്.


suhail sajeev


ഒക്ടോബർ 11ന് പുലർച്ചെയാണ് നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമുണ്ടായത്. മദ്യലഹരിയിൽ അമിതവേ​ഗതയിലെത്തിയ മിനി കൂപ്പർ സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്‌ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട്‌ കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ്‌ (21) എന്നിവരാണ്‌ മരിച്ചത്‌.


പാലാരിവട്ടം, കടവന്ത്ര, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാറുകളിൽ കയറി മദ്യപിച്ച ശേഷമായിരുന്നു സുഹൈലിന്റെ മരണപ്പാച്ചിൽ. 150 കിലോമീറ്ററോളം വേ​ഗതയിലാണ് സുഹൈൽ കാറോടിച്ചിരുന്നത്. കേസിലെ പ്രധാന പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ബോധപൂർവമായ ശ്രമങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് മുഖ്യപ്രതി സുഹൈലിനെതിരെ ആദ്യം കേസെടുത്തത്.


ഒന്നാംപ്രതി സുഹൈൽ സജീവിന്റെ പേര്‌ എഴുതാതെയാണ്‌ നെടുന്പാശേരി പൊലീസ്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്‌. പ്രതി മദ്യപിച്ചാണ്‌ വാഹനം ഓടിച്ചെന്നതും എഫ്‌ഐആറിലില്ലായിരുന്നു. വൻ സാമ്പത്തിക ശേഷിയുള്ള സുഹൈലിന്റെ കുടുംബത്തിന്‌ കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു അട്ടിമറി നീക്കങ്ങൾക്ക്‌ പിന്നിൽ. ഞായർ പുലർച്ചെ 1.45ന്‌ അപകടം നടന്നിട്ടും തിങ്കൾ രാവിലെ ഏഴിനാണ്‌ എഫ്‌ഐആർ ഇട്ടത്‌. ഇതിനിടെ, ആലപ്പുഴയിലെ കോൺഗ്രസ്‌ നേതാവ്‌ സ്റ്റേഷനിൽ എത്തിയാണ്‌ സുഹൈലിന്റെ പേരും മദ്യലഹരിയിലായിരുന്നു എന്ന വിവരവും ഒഴിവാക്കിച്ചത്‌. പ്രതിയുടെ പേരിന്റെ സ്ഥാനത്ത് കെഎൽ 07സിആർ 1001 നമ്പർ കാറിന്റെ ഡ്രൈവർ എന്നുമാത്രമാക്കി. സുഹൈലിനൊപ്പം പിടികൂടിയ രണ്ടാംപ്രതി നിനവിന്റെ പേരും എഫ്‌ഐആറിലില്ലായിരുന്നു.


ഡിസിസി പ്രസിഡന്റും എംഎൽഎയുമായിരുന്ന കോൺഗ്രസ്‌ നേതാവിന്റെ നേതൃത്വത്തിൽ പ്രതിയെ രക്ഷിക്കാനും നീക്കം നടന്നു. കേസ്‌ ഒതുക്കാനുള്ള ശ്രമം പുറത്തായതോടെ പ്രതിയുടെ പേരും മദ്യപിച്ചെന്നതും റിമാൻഡ്‌ റിപ്പോർട്ടിൽ ഉൾപ്പെടുത്തി. കുറ്റകരമായ നരഹത്യക്കും പുറമെ അശ്രദ്ധമായി വാഹനമോടിക്കൽ ഉൾപ്പെടെയുള്ള കുറ്റവും ചുമത്തി.


കേസിലെ നാല്‌ പ്രതികളെയും ബോസ്റ്റൽ സ്‌കൂളിലാക്കുകയും ഇവിടെ വച്ച്‌ സുഹൈലിന്റെ മുടിവെട്ടി രൂപമാറ്റം വരുത്തിയതും വിവാദത്തിനിടയാക്കി. സുഹൈൽ സജീവിന്റെ മുടിവെട്ടി രൂപംമാറ്റാൻ നിർദേശിച്ചത്‌ യുഡിഎഫ്‌ സർക്കാരിലെയും ഭരണകക്ഷിയിലെയും ഉന്നതർ. നിർദേശം ശിരസ്സാവഹിച്ചത്‌ തൃക്കാക്കര ബോസ്‌റ്റൽ സ്‌കൂളിലെ ഉദ്യോഗസ്ഥരായ കോൺഗ്രസ്‌ അനുകൂലസംഘടനാ നേതാക്കൾ. സഹതടവുകാരാണ്‌ മുടിവെട്ടിയത്‌. ‘‘മുടിവെട്ടി, ആൾ നന്നായി മാറിയിട്ടുണ്ടെ’’ന്ന്‌ നിർദേശം നൽകിയവരെ ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്‌തു. പ്രതികളെ തിരിച്ചറിയാൻ സാക്ഷികളെ എത്തിക്കാറുണ്ട്‌. തിരിച്ചറിയൽ പരേഡിൽ സാക്ഷികൾ തിരിച്ചറിയാതെ സുഹൈലിനെ രക്ഷിച്ചെടുക്കുക എന്നതായിരുന്നു മുടിവെട്ടിന്‌ പിന്നിലെ ലക്ഷ്യം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home