നെടുമ്പാശേരി വാഹനാപകടം; സുഹൈൽ വാഹനമോടിച്ചത് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ, 3 ബാറുകൾക്ക് എതിരെയും കേസ്

നെടുമ്പാശേരി : അമിതവേഗതയിൽ പത്തൊമ്പതുകാരൻ ഓടിച്ച മിനികൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് വാഹനം ഓടിച്ചത് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ്. ശനി ഉച്ചമുതൽ മദ്യപാനം തുടങ്ങി. അപകടത്തിന് മുമ്പായി മൂന്ന് ബാറുകളിൽ കയറി മദ്യം കഴിച്ചു. മദ്യലഹരിയിൽ വാഹനമോടിച്ചത് 120 കിലോമീറ്റർ വേഗതയിയിലായിരുന്നുവെന്നും തെളിവെടുപ്പിനിടെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിലും കൂടുതൽ വേഗതയിലായിരിക്കുമെന്നാണ് നിഗമനം. ബ്രേക്ക് ചവിട്ട് കിട്ടിയിട്ടില്ലെന്നും സ്‌കൂട്ടർ കണ്ടില്ലെന്നും സുഹൈൽ പൊലീസിനോട് പറഞ്ഞു. എന്നാൽ ഇയാളുടെ മൊഴികൾ പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. മിനികൂപ്പർ അമിതവേഗതയിലായിരുന്നുവെന്ന് അറസ്റ്റിലായ മറ്റുമൂന്നുപേരും പൊലീസിനോട് സമ്മതിച്ചു.
പാലാരിവട്ടം, കടവന്ത്ര, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാറുകളിലാണ് ഇവർ കയറിയത്. ആദ്യ രണ്ട് ബാറുകളിൽ കയറുമ്പോൾ സുഹൃത്ത് നിനവുണ്ടായിരുന്നു. നെടുമ്പാശേരിയിലെ ബാറിൽ ഇരുവർക്കും ഒപ്പം അമീറും ജോയലുമുണ്ടായി. അമീർ മദ്യം കഴിച്ചിരുന്നില്ല. സംഭവത്തിൽ മൂന്ന് ബാറുകൾക്ക് എതിരെ എക്‌സൈസ് കേസെടുത്തു. 23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിളമ്പിയതിനാണ് കേസ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടിയെന്നും എക്‌സൈസ് കമീഷണർക്ക് റിപ്പോർട് നൽകിയെന്നുംഡെപ്യൂട്ടി എക്‌സൈസ് കമീഷണർ പി കെ സതീഷ് പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതിൽ കമീഷണർക്ക് തീരുമാനമെടുക്കാം.
നെടുമ്പാശേരി വിഐപി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായർ പുലർച്ചെ 1.45ഓടെയായിരുന്നു അപകടം. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (കുക്കു–21), പാലക്കാട് കരിമ്പ ചെന്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്-കുമാറിന്റെ മകൾ ഗോപിക (22), കർണാടകത്തിലെ സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയാസ് (21) എന്നിവരാണ് മരിച്ചത്. ഇഹ ഡിസൈന്‍സ് എന്ന പേരിൽ വസ്ത്രവ്യാപാരസ്ഥപാനവും ഓൺലൈൻ വസ്‌ത്രവ്യാപാരവും നടത്തുന്ന സജീവ് ജമാലിന്റെയും നൂഹ സജീവിന്റെയും മകനാണ് സുഹൈൽ. നരഹത്യക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാളെ രക്ഷപ്പെടുത്താൻ മാതാപിതാക്കൾ ശ്രമിക്കുന്നതായി ആശങ്കയുണ്ടെന്നും അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബം പറഞ്ഞു. സുഹൈലടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19), ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19) എന്നിവരാണ് സുഹൈലിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്.
പ്രേരണാക്കുറ്റമാണ് നിനവിനും ജോയലിനും അമീനുമെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് സുഹൈൽ സജീവ് വാഹനം ഓടിക്കുന്നത് ഇവർ തടഞ്ഞില്ല. പകരം, വാഹനം ഓടിക്കാൻ പ്രേരണ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികളെല്ലാവരും കാക്കനാട് ബോസ്‌റ്റൽ സ്‌കൂളിൽ റിമാൻഡിലാണ്.









0 comments