Deshabhimani

നെടുമ്പാശേരി വാഹനാപകടക്കേസ് അട്ടിമറിക്കാൻ നീക്കം; പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ എം മാർച്ച്

cpim march nedumbasery accident
വെബ് ഡെസ്ക്

Published on Oct 14, 2026, 01:50 PM | 1 min read

കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് യുവാക്കളുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടക്കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐ എം. മരിച്ചവർക്ക് നീതി ഉറപ്പാക്കണമെന്നും അന്വേഷണ നടപടിക്രമങ്ങളിലെ സംശയങ്ങൾ ദൂരീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സിപിഐ എം മാർച്ച് നടത്തിയത്. കേസിൽ പ്രാഥമിക നടപടികൾ സ്വീകരിക്കുന്നതിലുണ്ടായ കാലതാമസവും എഫ്‌ഐആറുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളും പരിഹരിച്ച് കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് പാർടി ആവശ്യപ്പെട്ടു.


നെടുമ്പാശ്ശേരി വാഹനാപകടം അട്ടിമറിക്കരുത്', 'പ്രതികളെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകരുത്', 'ദുരൂഹമായ എഫ്‌ഐആർ തിരുത്തുക', 'മുഖ്യപ്രതി സുഹൈലിന് ശിക്ഷ ഉറപ്പാക്കുക', 'ഇരകൾക്ക് നീതി നൽകുക' തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുന്ന പ്ലക്കാർഡുകളേന്തിയാണ് പ്രവർത്തകരും പ്രദേശവാസികളും മാർച്ചിൽ പങ്കെടുത്തത്.


അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി നൽകിയിട്ടും എഫ്‌ഐആറിൽ പ്രതിയുടെ പേരുവിവരങ്ങൾ ആദ്യഘട്ടത്തിൽ വരാതിരുന്നതും, കേസ് രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ വൈകലും പൊതുസമൂഹത്തിൽ വലിയ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. പ്രതി കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ കേസിന്റെ തുടരന്വേഷണം സുതാര്യമായിരിക്കണമെന്നാണ് ആവശ്യം നിലപാട്.


ഒക്ടോബർ 11-ന് പുലർച്ചെ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സ്വദേശി ഇയാസ് എന്നീ മൂന്ന് നിരപരാധികളുടെ ജീവൻ പൊലിഞ്ഞത്. കാക്കനാട്ടെ ബോസ്റ്റൽ സ്കൂളിൽ റിമാൻഡിലുള്ള മുഖ്യപ്രതി സുഹൈൽ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തണമെന്നും, കൃത്യമായ തെളിവുകൾ ശേഖരിച്ച് ഇരകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home