ad
Deshabhimani

നെടുമങ്ങാട്‌ ബാങ്കിൽ അനധികൃത നിയമനം: കോൺഗ്രസ്‌ നേതാക്കൾ കോഴയായി സമാഹരിച്ചത്‌ 2.65 കോടി

Nedumangad Bank Scam Congress
avatar
സ്വന്തം ലേഖകൻ

Published on Sep 20, 2025, 09:37 AM | 2 min read

തിരുവനന്തപുരം: നെടുമങ്ങാട്‌ സഹകരണ അർബൻ ബാങ്കിൽ അനധികൃതനിയമനം നടത്തി കോൺഗ്രസ്‌ നേതാക്കൾ തട്ടിയെടുത്തത്‌ കോടികൾ. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ഒഴിവില്ലാത്ത തസ്‌തികകളിലേക്ക്‌ കോഴ വാങ്ങി അടുത്തിടെ 16 പേരെ നിയമിച്ചു. ഒരേ പോസ്‌റ്റിൽ ഭരണസമിതി രണ്ടുപേരെ നിയമിച്ചു. രണ്ടര വർഷത്തിനിടയിൽ 30 നിയമനം നടത്തിയെന്നാണ്‌ ആരോപണം.


പുതുതായി നിയമിച്ച 16 പേരിൽനിന്നായി 2.65 കോടിയാണ്‌ കോഴയായി സമാഹരിച്ചത്‌.

ബൈലോയിലില്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനം. 200 പേജ് നോട്ടുബുക്കിലാണ് അന്യായമായി നിയമിച്ചവരുടെ ഹാജര്‍ രേഖപ്പെടുത്തിയിരുന്നത്.


ലക്ഷങ്ങൾ കൈപ്പറ്റിയിട്ടും നിയമനം കിട്ടാതെ വഞ്ചിതരായെന്ന്‌ മനസ്സിലായ കണിയാപുരം സ്വദേശി അനൂപ്‌, കുറുന്താളി സ്വദേശി നിജിത്ത്‌, വട്ടപ്പാറ സ്വദേശി അനന്തു, കരകുളം സ്വദേശിനി നജീബാബീവി, വെന്പായം സ്വദേശിനികളായ എം എസ്‌ കൃഷ്‌ണ, സിമി എസ്‌ നായർ, വെഞ്ഞാറമൂട്‌ സ്വദേശിനി ബി ആർ ചിത്ര, ആനാട്‌ സ്വദേശി സജിത്‌ എന്നിവരുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി എത്തിയതോടെയാണ്‌ കൊള്ള പുറത്തായത്‌.


മുൻ ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവി, ആനാട്‌ ജയൻ, ബാങ്ക്‌ പ്രസിഡന്റ്‌ തേക്കട അനിൽ, ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി അർജുനൻ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ കല്ലയം സുകുമാരൻ എന്നിവർ ചേർന്നാണ്‌ കോഴ വാങ്ങിയതെന്ന ആക്ഷേപവുമായി കോൺഗ്രസിനുള്ളിൽത്തന്നെയുള്ള ഒരു വിഭാഗവും രംഗത്തെത്തി. ഇവർ പ്രതിപക്ഷനേതാവിനും കെപിസിസി പ്രസിഡന്റിനും പരാതി നൽകി.


സ്വജനപക്ഷപാതം കാട്ടി കോടികൾ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണമാണ്‌ പരാതിയിലുള്ളത്‌.


വിജിലൻസ് അന്വേഷിക്കണം; സിപിഐ എം പ്രതിഷേധം ഇന്ന്


നെടുമങ്ങാട്: കോൺഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള നെടുമങ്ങാട് സഹകരണ അർബൻ ബാങ്കിലെ അനധികൃത നിയമനങ്ങള്‍ക്കും അഴിമതിക്കുമെതിരെ സിപിഐ എം പ്രക്ഷോഭത്തിലേക്ക്‌. വിജിലൻസ് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ശനിയാഴ്‌ച ഏരിയ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വൈകിട്ട്‌ 4.30ന് അര്‍ബന്‍ ബാങ്ക് പടിക്കല്‍നിന്ന്‌ പ്രകടനമായെത്തി അഞ്ചിന്‌ നെടുമങ്ങാട്ട്‌ പ്രതിഷേധസംഗമം ചേരും.


നിയമനം മറയാക്കി ബാങ്ക് ചെയര്‍മാനും ഭരണസമിതിയംഗങ്ങളായ കോണ്‍ഗ്രസ് നേതാക്കളും കോടികളാണ്‌ കൈപ്പറ്റിയത്. ഒഴിവുള്ള തസ്തികകളില്ലാതിരിക്കേ ജോലി വാഗ്ദാനം നൽകി വൻതുക വാങ്ങിയെടുത്തു. നിക്ഷേപത്തുകയില്‍ തിരിമറി നടത്തിയും ബിനാമി ലോണുകള്‍ വഴിയും കോടികള്‍ കൊള്ളയടിച്ചെന്നും ആക്ഷേപമുണ്ട്. മുണ്ടേല രാജീവ് ഗാന്ധി വെല്‍ഫയര്‍ സഹകരണസംഘത്തില്‍ കോണ്‍ഗ്രസ് ഭരണസമിതി നടത്തിയ നിക്ഷേപ തട്ടിപ്പിനിരയായി കഴിഞ്ഞമാസമാണ് മനോരമ നെടുമങ്ങാട് ലേഖകന്‍ ആനാട് ശശി ആത്മഹത്യ ചെയ്തത്. അതിന്റെ ആഘാതം നിലനില്‍ക്കെയാണ് അതേമട്ടിലുള്ള തട്ടിപ്പുകള്‍ അര്‍ബന്‍ ബാങ്കിലും നടക്കുന്നത്.


അനധികൃത നിയമനങ്ങൾ നിർത്തിവയ്ക്കണമെന്നും നിയമിച്ചവരെ പിരിച്ചുവിടണമെന്നും ഏരിയ സെക്രട്ടറി കെ പി പ്രമോഷ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home