ad
Deshabhimani

150 കോടിയുടെ വസ്തുക്കൾ 16 കോടിക്ക് ലേലം ചെയ്തു; ബൈജൂസിന്റെ ആസ്തിവിൽപ്പനയ്ക്ക് സ്റ്റേ

byjus
വെബ് ഡെസ്ക്

Published on Sep 07, 2026, 08:57 PM | 1 min read

ബം​ഗളൂരു : എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്തികൾ ലേലം ചെയ്യുന്നതിന് താൽക്കാലിക വിലക്ക്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ ബം​ഗളൂരു ബഞ്ചാണ് ആസ്തികൾ വിൽക്കുന്നത് മരവിപ്പിക്കാൻ ഉത്തരവിട്ടത്. ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ 16 കോടി രൂപയ്ക്ക് ലേലം ചെയ്തതായി അറിയിച്ചതിനെത്തുടർന്നാണ്, ആസ്തികളിൽ തൽസ്ഥിതി നിലനിർത്താൻ ടിഎൽപിഎല്ലിന്റെ റെസല്യൂഷൻ പ്രൊഫഷണലിനും (ആർപി) ലേലം വാങ്ങുന്ന കോംപ്രിന്റ് ടെക് സൊല്യൂഷൻസ് (ഐ) പ്രൈവറ്റ് ലിമിറ്റഡിനും ട്രൈബ്യൂണൽ നിർദ്ദേശം നൽകിയത്. സെപ്തംബർ 21ലെ അടുത്ത വാദംവരെ ആസ്തികളുടെ നിലവിലെ സ്ഥിതി മാറ്റരുതെന്നാണ് നിർദേശം


ബൈജൂസിന്റെ ഉപസ്ഥാപനവും പാപ്പരത്ത നടപടി നേരിടുന്ന കമ്പനിയുമായ കെ3 എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡാണ് ഹർജി നൽകിയത്. തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ റിസല്യൂഷൻ പ്രൊഫഷണൽ ആ​ഗസ്ത് 2ന് നടത്തിയ ലേലത്തിലൂടെയാണ് ആസ്തികൾ കോംപ്രിന്റ് ടെക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് വിറ്റത്. എന്നാൽ ലേലത്തിൽ ഉൾപ്പെടുത്തിയ ആസ്തികളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ തിങ്ക് ആൻഡ് ലേണിന്റെ റിസല്യൂഷൻ പ്രൊഫഷണൽ ഹാജരാക്കിയിട്ടില്ലെന്ന് ഹർജിക്കാർ വാദിച്ചു. നാല് ദിവസംകൊണ്ട് ധൃതിപിടിച്ച് ആസ്തികൾ ലേലം ചെയ്തതിൻറെ യുക്തി മനസിലാകുന്നില്ലെന്നും ഹർജിക്കാർ പറഞ്ഞു.


കെ3 എഡ്യുക്കേഷന്റെ ഉടമസ്ഥതയിലുള്ള ആസ്തികളും ടിഎൽപിഎല്ലിന്റെ ലേലത്തിൽ ഉൾപ്പെടുത്തിയെന്നാണ് ഹർജിക്കാരുടെ വാദം. ലേലത്തിൽ വിറ്റ സാധനങ്ങളുടെ യഥാർത്ഥ ഉടമസ്ഥതയിൽ വ്യക്തതയില്ലെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. അതിനാൽ ആ​ഗസ്ത് 2ലെ ലേല നോട്ടീസിൽ ഉൾപ്പെട്ട ഉപകരണങ്ങളും മറ്റ് ആസ്തികളും 21ലെ അടുത്ത വാദംവരെ നിലവിലെ നിലയിൽ തന്നെ സൂക്ഷിക്കണമെന്ന് നിർദേശിച്ചു. ഉയർന്ന മൂല്യമുള്ള ആസ്തികൾ വളരെ കുറഞ്ഞ തുകയ്ക്ക് വിറ്റതിനാൽ അവ പിന്നീട് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. ലേലത്തിൽ വാങ്ങിയ എല്ലാ ആസ്തികളുടെയും പട്ടിക, അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലം, ഫോട്ടോകൾ എന്നിവ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും ട്രൈബ്യൂണൽ നിർദേശം നൽകി




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home