എൻസിഇആർടി പാഠപുസ്തക വിവാദം: കോടതി ഇടപെടൽ സ്വാഗതാർഹം; സമഗ്ര അന്വേഷണം വേണം- മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ കോടതിയെ അവഹേളിക്കുന്ന പരാമർശങ്ങൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ കർശന നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസ്ഥയെക്കുറിച്ച് തെറ്റായ സന്ദേശം വിദ്യാർഥികൾക്ക് നൽകുന്നത് ഗൗരവകരമായ കുറ്റമാണ്. ജനാധിപത്യത്തിന്റെ നെടുംതൂണായ നീതിന്യായ വ്യവസ്ഥയെ താഴ്ത്തിക്കെട്ടുന്ന രീതിയിൽ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഭാവി തലമുറയെ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കാനാണ് പഠിപ്പിക്കേണ്ടത്. എൻസിഇആർടിയിൽ സമീപകാലത്തായി നടന്നുവരുന്ന എല്ലാ പാഠപുസ്തക പരിഷ്കരണങ്ങളും വെട്ടിമാറ്റലുകളും ഒരു സ്വതന്ത്ര വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടത് അനിവാര്യമാണ്. ചരിത്രത്തെയും ഭരണഘടനാ മൂല്യങ്ങളെയും വളച്ചൊടിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം.
കേരളം മുമ്പുതന്നെ ഇത്തരം ഏകപക്ഷീയമായ വെട്ടിമാറ്റലുകളെ എതിർത്തിട്ടുണ്ട്. എൻസിഇആർടി ഒഴിവാക്കിയ പ്രധാന പാഠഭാഗങ്ങൾ ഉൾപ്പെടുത്തി കേരളം അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കിയത് ഈ സാഹചര്യത്തിലാണ്. ഈ വിവാദ പാഠഭാഗം തയ്യാറാക്കാൻ നേതൃത്വം നൽകിയവർ, അത് അംഗീകരിച്ചവർ എന്നിവർക്കെതിരെ കർശന നടപടി വേണം. എൻസിഇആർടി ഡയറക്ടർ ഉൾപ്പെടെയുള്ളവർ കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ബാധ്യസ്ഥരാണ്. വിദ്യാഭ്യാസ രംഗത്ത് വർഗീയതയോ ഭരണഘടനാ സ്ഥാപന വിരുദ്ധതയോ കടത്തിവിടാൻ അനുവദിക്കില്ല. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.










0 comments