print edition എൻസിഡിസി ഭേദഗതി ബിൽ; സഹകരണമേഖലയെ തകർക്കാനുള്ള ഗൂഢലക്ഷ്യം: കോലിയക്കോട്

തിരുവനന്തപുരം: എൻസിഡിസി ഭേദഗതി ബില്ലിനുപിന്നിൽ കേരളത്തിലെ സഹകരണമേഖലയെ തകർക്കാനുള്ള ഗൂഢലക്ഷ്യമാണെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർപേഴ്സൺ കോലിയക്കോട് എൻ കൃഷ്ണൻ നായർ. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്കെതിരായ ബിൽ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണം.
കേരളത്തിലടക്കം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട് ബിൽ പാസാക്കിയത്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായോ രാജ്യത്തെ എട്ടുലക്ഷം സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായോ കൂടിയാലോചന നടത്തിയിട്ടില്ല. സംസ്ഥാന സർക്കാരുകൾക്കുള്ള മേൽനോട്ട- മാർഗനിർദേശ അധികാരങ്ങൾ ഇല്ലാതാക്കുന്നതാണ് ബിൽ.
എൻസിഡിസി സാമ്പത്തികസഹായം നൽകിയിരുന്നത് സംസ്ഥാന സർക്കാരുകൾ മുഖാന്തരമോ സഹകരണ ബാങ്കുകൾ വഴിയോ ആയിരുന്നു.
പുതിയ ഭേദഗതിയിലൂടെ സാമ്പത്തികസഹായം എൻസിഡിസിക്ക് നേരിട്ട് സഹകരണ സംഘങ്ങൾക്കോ മൂന്നാംകക്ഷികൾക്കോ നൽകാം. ഇത് അധികാരകേന്ദ്രീകരണത്തിനും സ്വജനപക്ഷപാതത്തിനും വഴിവയ്‌ക്കും. സഹകരണ സ്ഥാപനങ്ങൾ ബലമായി പിടിച്ചെടുക്കുന്നതിനുള്ള അജൻഡ ബില്ലിനുപിന്നിലുണ്ട്.
ധനസഹായം ലഭ്യമാക്കുന്നതിന്റെ പേരിൽ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കേന്ദ്ര ഇടപെടലിന് വഴിയൊരുക്കുന്നത് അംഗീകരിക്കാനാകില്ല. ഭേദഗതി നിയമം റദ്ദാക്കി സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാകണം.
സഹകരണപ്രസ്ഥാനത്തിന്റെ സ്വയംഭരണവും ജനാധിപത്യസ്വഭാവവും സംരക്ഷിക്കാൻ കേരളത്തിലെ സഹകാരിസമൂഹം കക്ഷി രാഷ്‌ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കോലിയക്കോട് എൻ കൃഷ്ണൻ നായർ പ്രസ്താവനയിൽ അഭ്യർഥിച്ചു.









0 comments