നയാരയുടെ 49.13 ശതമാനം ഓഹരികൾ കൈമാറാൻ ചർച്ച തുടങ്ങി
നയാര എനര്‍ജിയെ റിലയൻസ് ഏറ്റെടുക്കുന്നു ; ഐഒസിയെ മറികടക്കും

കൊച്ചി
റഷ്യൻ എണ്ണക്കമ്പനിയായ പിജെഎസ്-സി റോസ്‌നെഫ്റ്റിന്റെ ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ, വിപണന കമ്പനിയായ നയാര എനർജിയെ റിലയൻസ് ഏറ്റെടുക്കാനൊരുങ്ങുന്നു. നയാരയുടെ 49.13 ശതമാനം ഓഹരി കൈമാറാനുള്ള ചർച്ച തുടങ്ങിയെന്ന് ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതോടെ പൊതുമേഖലാ എണ്ണ ശുദ്ധീകരണ, വിപണന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ (ഐഒസി) മറികടക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം.
നയാരയ്ക്ക് ഗുജറാത്തിലെ വാദിനാറിൽ വർഷം 20 ദശലക്ഷം മെട്രിക് ടൺ ശുദ്ധീകരണശേഷിയുള്ള, രാജ്യത്തെ വലിയ രണ്ടാമത്തെ റിഫൈനറിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6750 പെട്രോൾ പമ്പുകളുമുണ്ട്. റിലയൻസിന്റെ ആകെ ശുദ്ധീകരണശേഷി നിലവിൽ 68.2 ദശലക്ഷം ടൺമാത്രം. 1972 പമ്പുകളും. ‘നയാര’ ഏറ്റെടുക്കലിലൂടെ ഐഒസിയുടെ 80.75 ദശലക്ഷം ശുദ്ധീകരണശേഷിയെ റിലയൻസ് മറികടക്കും.
ഐഒസിക്ക് നിലവിൽ 32,303 പമ്പാണുള്ളത്. സ്വകാര്യ കമ്പനി എണ്ണശുദ്ധീകരണത്തിൽ മേൽക്കൈ നേടുന്നതോടെ വിപണിയുടെ നിയന്ത്രണം കൈയടക്കും. സർക്കാരിന് നിലവിലുള്ള നിയന്ത്രണംകൂടി ഇല്ലാതാകും.
റോസ്‌നെഫ്റ്റിനൊപ്പം, പ്രധാന റഷ്യൻ ധനകാര്യ സ്ഥാപനമായ യുസിപി ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പും നയാരയിലെ 24.5 ശതമാനം ഓഹരികൾ റിലയൻസിന് ഓഹരി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി ആരാംകോയും നയാര ഓഹരികളിൽ കണ്ണുവച്ചിട്ടുണ്ട്. 2017ലാണ് റോസ്-നെഫ്റ്റ് എസ്സാർ ഓയിലിനെ ഏറ്റെടുത്ത് നയാര എനർജിയാക്കിയത്.









0 comments