കേരളത്തിന്റേത് അഭിമാനകരമായ സമുദ്ര പാരമ്പര്യം: രാഷ്‌ട്രപതി
print edition കടലിലും വിണ്ണിലും പ്രതിരോധത്തിന്റെ ഇരമ്പൽ

നാവികസേനാദിനത്തിന്റെ ഭാഗമായി നേവിയുടെ കപ്പലുകൾ ശംഖുംമുഖത്ത് നടത്തിയ അഭ്യാസപ്രകടനം / ഫോട്ടോ: എ ആർ അരുൺരാജ്
തിരുവനന്തപുരം
ആർത്തിരമ്പുന്ന തിരകളെ കീറിമുറിച്ച് രാജ്യത്തിന്റെ അഭിമാനമായ പടക്കപ്പലുകൾ തീരത്തേക്ക് അടുത്തപ്പോൾ ആകാശത്ത് പോർ വിമാനങ്ങളുടെ ഇരമ്പൽ. ആകാശം പിളക്കുമാറുച്ചത്തിൽ വെടിമുഴക്കം. കടലിന് അടിയിൽ കരുത്തനായ മുങ്ങിക്കപ്പൽ. ഇന്ത്യൻ നാവികസേനയുടെ കരുത്തും തന്ത്രവും ലോകത്തിന് കാണിച്ചുകൊടുത്ത അത്യുഗ്രൻ അഭ്യാസ പ്രകടനത്തിനാണ് ബുധനാഴ്‌ച ശംഖുമുഖം തീരം സാക്ഷ്യംവഹിച്ചത്.
നാവികസേനയുടെ കടലിലെയും ആകാശത്തെയും ഓപ്പറേഷനുകളുടെ കൃത്യത, ഏകോപനം, ബഹുമുഖ പോരാട്ട കഴിവുകൾ എന്നിവ വ്യക്തമാക്കുന്ന പോരാട്ടം.
പടക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയിലെ ക്യാപ്‌റ്റൻ നിതിൻ കരിയപ്പയുടെ നേതൃത്വത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ഗാർഡ് ഓഫ് ഓണറും ഗൺ സല്യൂട്ടും നൽകിയാണ് അഭ്യാസപ്രകടനത്തിന് തുടക്കമായത്. തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററിൽനിന്നുള്ള എയർ ലിഫ്റ്റിങ്ങും പാരാഗ്ലൈഡിങ്ങും സേനയുടെ മികവ് പ്രകടിപ്പിക്കുന്നതായിരുന്നു.
രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി. നാവികസനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ സാക്ഷ്യംവഹിച്ചു.
കേരളത്തിന്റേത് അഭിമാനകരമായ സമുദ്ര പാരമ്പര്യം: രാഷ്‌ട്രപതി
കേരളത്തിന് അഭിമാനകരമായ സമുദ്രപാരമ്പര്യമുണ്ടെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. നാവികസേന ദിനാഘോഷത്തിന്റെ ഭാഗമായി ശംഖുംമുഖത്ത് നടന്ന നാവികസേനാ അഭ്യാസപ്രകടനങ്ങൾ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യൻ അധിനിവേശത്തിൽനിന്ന് ഇവിടുത്തെ പോരാളികൾ തീരദേശത്തെ സംരക്ഷിച്ചു. പുരാതന തുറമുഖമായ മുസിരിസ്, ഇന്ത്യ ലോകവുമായി ബന്ധപ്പെട്ടിരുന്ന പ്രധാന കവാടങ്ങളിൽ ഒന്നായിരുന്നു. നമ്മുടെ സമുദ്ര പാരമ്പര്യം പുതിയതല്ല. ചോള, ചേര കപ്പൽപടകൾ മുതൽ കുഞ്ഞാലി മരക്കാർമാർ വരെ നീളുന്ന സംസ്കാരത്തിന്റെ ഭാഗമാണതെന്നും രാഷ്‌ട്രപതി പറഞ്ഞു.
പങ്കാളിത്ത ബോധവും, ശേഷി വർധിപ്പിക്കലും, സമുദ്രങ്ങളുടെ സമാധാനപരമായ ഉപയോഗവുമാണ് രാജ്യം പ്രോത്സാഹിപ്പിക്കുന്നത്. സുസ്ഥിര വികസനത്തിന്റെ ചാലകശക്തിയായി ‘ബ്ലൂ ഇക്കണോമി'യുടെ സാധ്യതകൾ ഇന്ത്യ പ്രയോജനപ്പെടുത്തുന്നു. സമുദ്ര പാതകൾ സുരക്ഷിതമാക്കിയും സമുദ്ര വിഭവങ്ങൾ സംരക്ഷിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടഞ്ഞും സമുദ്ര ഗവേഷണത്തെ പിന്തുണച്ചും ഇന്ത്യൻ നാവികസേന ഈ ശ്രമങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. സുരക്ഷിതവും സമൃദ്ധവും സുസ്ഥിരവുമായ സമുദ്രങ്ങൾ എന്ന നമ്മുടെ കാഴ്ചപ്പാടിന് നാവികസേന കരുത്തു പകരുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.









0 comments