Deshabhimani

print edition നാട്ടികയിലെ ടോൾപിരിവ്‌; ഒളിച്ചുകളി തുടർന്ന്‌ സർക്കാർ

nattika toll plaza
വെബ് ഡെസ്ക്

Published on Oct 14, 2026, 12:00 AM | 1 min read

തൃശൂർ: ദേശീയപാത 66ൽ നാട്ടികയിലെ ടോൾ പിരിവ്‌ പ്രശ്‌നത്തിൽ ഒളിച്ചുകളിച്ച്‌ സംസ്ഥാന സർക്കാർ. ആദ്യം പ്രതിഷേധം ഉയർന്ന ഘട്ടത്തിൽ ടോൾപിരിവ്‌ നിർത്തിവയ്‌ക്കുന്നതായി പൊതുമരാമത്ത്‌ മന്ത്രി പി കെ ബഷീർ പ്രഖ്യാപിച്ചെങ്കിലും ഉത്തരവ്‌ ഇറക്കിയില്ല. ഇതേത്തുടർന്ന്‌ ശനിയാഴ്‌ച വീണ്ടും ടോൾ പിരിവ്‌ ആരംഭിച്ചു. തൊട്ടുപിന്നാലെ സിപിഐ എമ്മും എൽഡിഎഫും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തെത്തി.


പ്രതിഷേധം കനത്തതോടെ ടോൾ പിരിവ്‌ നിർത്തിവയ്‌ക്കുന്നതായും കലക്ടർ സർവകക്ഷിയോഗം വിളിച്ചശേഷമേ പുനരാരംഭിക്കൂവെന്നും മന്ത്രി അറിയിച്ചു. എന്നാൽ ഞായറാഴ്‌ചയും പിരിവും പ്രതിഷേധവും തുടർന്നു. മന്ത്രിയുടെ നിർദേശപ്രകാരം തിങ്കളാഴ്‌ച കലക്ടർ തൃശൂരിൽ സർവകക്ഷി യോഗം വിളിച്ചു. യോഗം നടക്കുന്നതിനിടെ ടോൾപിരിവ്‌ പുനരാരംഭിച്ചു.


ഇതോടെ യോഗം തുടരുന്നതിൽ അർഥമില്ലെന്നറിയിച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ഇറങ്ങിപ്പോന്നു. തുടർന്ന്‌ മറ്റ്‌ രാഷ്‌ട്രീയപാർടി പ്രതിനിധികളും ഇ‍ൗ നിലപാട്‌ സ്വീകരിച്ചു. ‍ടോൾ പിരിവ്‌ സംബന്ധിച്ച്‌ കലക്ടർ കൈക്കൊള്ളുന്ന നിസ്സംഗ നിലപാടിൽ കടുത്ത പ്രതിഷേധമുയർന്നു.


എന്നാൽ ഇക്കാര്യത്തിൽ മന്ത്രിയുടെ വാക്കാലുള്ള പ്രഖ്യാപനമല്ലാതെ പൊതുമരാമത്ത്‌ സെക്രട്ടറി ഉത്തരവ്‌ നൽകിയിട്ടില്ലെന്ന്‌ കലക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതേസമയം, പൊതുമരാമത്ത്‌ മന്ത്രിയുടെ അഭിപ്രായം മറികടന്ന്‌ ടോൾപിരിവ്‌ നടത്താൻ ചീഫ്‌ സെക്രട്ടറി അനുമതി നൽകി. ഇക്കാര്യത്തിൽ പൊതുമരാമത്ത്‌ മന്ത്രി മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചു. വിഷയത്തിൽ ഇടപെടുന്നതിൽ മുഖ്യമന്ത്രി വി ഡി സതീശൻ വിമുഖത കാണിക്കുകയാണ്‌. ജില്ലയിൽനിന്നുള്ള മന്ത്രി ഒ ജെ ജനീഷും മ‍ൗനം പാലിക്കുന്നു.


ടോൾകന്പനിയുടെ താൽപ്പര്യം സംരക്ഷിക്കാൻ ജനങ്ങൾക്കെതിരെ പൊലീസിനെ വിന്യസിക്കരുതെന്ന്‌ തിങ്കളാഴ്‌ച നടന്ന സർവകക്ഷി യോഗത്തിൽ കലക്ടറോടും കമീഷണറോടും അഭ്യർഥിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്‌ച പ്രതിഷേധമാർച്ചിനുനേരെ പൊലീസ്‌ അകാരണമായി ലാത്തിച്ചാർജ്‌ നടത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home