Deshabhimani

ശ്രദ്ധിക്കണേ! ഈ അഞ്ച് ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ തടസപ്പെടും

bank strike
വെബ് ഡെസ്ക്

Published on Sep 23, 2026, 07:33 AM | 1 min read

കൊച്ചി: രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കുന്നതിനാൽ ബാങ്ക് ഇടപാടുകൾ തുടർച്ചയായി അഞ്ച് ദിവസം തടസ്സപ്പെടും. 28 മുതല്‍ 30 വരെ രാജ്യവ്യാപക പണിമുടക്ക് ആഹ്വാനം ചെയ്തതായി ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) അറിയിച്ചു. അതിന് മുമ്പുള്ള രണ്ട് ദിവസങ്ങൾ നാലാം ശനിയാഴ്ചയും ഞായറാഴ്ചയുമായതിനാൽ ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല. ഇതോടെ അഞ്ച് ദിവസങ്ങൾ തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും.


പണം പിൻവലിക്കൽ, നിക്ഷേപം, പണം അയക്കൽ, ബിൽ അടയ്ക്കൽ, സർക്കാർ സംബന്ധമായ ഇടപാടുകൾ, വായ്പാ തിരിച്ചടവ് തുടങ്ങിയവ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ബാങ്കുകൾ ഉപയോക്താക്കളെ അറിയിച്ചു. ഡിജിറ്റൽ, ഇതര ബാങ്കിങ് സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പണിമുടക്ക് തുടങ്ങുന്നതിന് മുമ്പ് ശാഖാതലത്തിലുള്ള അടിയന്തര ഇടപാടുകൾ പൂർത്തിയാക്കണമെന്നും ഔദ്യോഗിക വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകള്‍, എസ്എംഎസ്, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.


ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങളോട് മോദി സർക്കാർ മുഖം തിരിച്ചതോടെയാണ് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, സെപ്തംബർ 11ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കിയിരുന്നു. എന്നാൽ അതിന് ശേഷവും സർക്കാർ ആവശ്യങ്ങൾ അം​ഗീകരിക്കാൻ തയ്യാറായില്ല. ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിങ് എന്നതായിരുന്നു ജീവനക്കാരുടെ പ്രധാന ആവശ്യം. അഞ്ച് ദിവസത്തെ ബാങ്കിംഗ് ആഴ്ച, ഉഭയകക്ഷി ചർച്ചകളിലൂടെ പുതുക്കിയ പിഎൽഐ പദ്ധതി പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, നിലവിലുള്ള മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് യൂണിയനുകളുടെ മറ്റ് ആവശ്യങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home