print edition ഇന്ന് ദേശീയ അർബുദ അതിജീവന ദിനം: ദുരിതകാലം നീന്തി അവർ പറയുന്നു; മരണവാറണ്ടല്ല അർബുദം

കണ്ണൂർ മലബാർ കാൻസർ കെയർസെന്ററിലെ കാൻസർ അതിജീവിതരുടെ കൂട്ടായ്‌മ ‘ഫ്രണ്ട്‌സ് ഫോർ കാൻസർ കെയറി’ന്റെ ഒത്തുചേരലിൽനിന്ന്
കണ്ണൂർ: മരണവാറണ്ടാണ് അർബുദം എന്നുകരുതിയിരുന്ന മനുഷ്യർക്കിടയിലേക്കാണ് 20 വർഷംമുൻപ് ‘ഫ്രണ്ട്‌സ് ഫോർ കാൻസർ കെയർ’ പിറന്നുവീണത്. ഇരുപതാണ്ടിനിപ്പുറം മഹാമാരിയെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ ജീവിതത്തിൽ നിറയുന്ന 323 മനുഷ്യരുണ്ട് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിലെ ഇൗ കൂട്ടായ്‌മയിൽ.
അർബുദ ചികിത്സയിൽ കേരളം മുന്നേറുമ്പോഴും അതിജീവിതരുടെ തുടർപരിശോധനക്കും ശാരീരിക മാനസികാരോഗ്യ പരിരക്ഷയ്‌ക്കും അന്നുവരെയും സംവിധാനങ്ങൾ അധികമൊന്നുമുണ്ടായിരുന്നില്ല. രാഷ്ട്രപതി ഡോ. എപിജെ അബ്‌ദുൾ കലാമാണ് അതീജീവിതരുടെ പ്രശ്‌നങ്ങളിലേക്ക് വിരൽചൂണ്ടി കൂട്ടായ്‌മയുണ്ടാക്കാൻ സൊസൈറ്റിയോട് നിർദേശിച്ചത്.
ചികിത്സ നടത്തി മുടിഞ്ഞ് അവനവന് തന്നെയും ഭാരമായി മാറിയ മനുഷ്യർക്ക് താങ്ങായ ദൗത്യമായിരുന്നു അത്. രോഗബാധിതനായതോടെ കുഞ്ഞുമായി വീടുവിട്ടുപോയ ജീവിതപങ്കാളി, കാൻസർ മൂലം മാറിടം നീക്കം ചെയ്‌ത അമ്മയെ, വിവാഹം മുടങ്ങിയേക്കുമെന്ന ഭീതിയിൽ തള്ളിപ്പറഞ്ഞ മക്കൾ.. എത്രയെത്ര ദുരനുഭവങ്ങൾ.
2006ൽ ഐഎസ്‌ആർഒ ചെയർമാൻ മാധവൻ നായരാണ് കാൻസർ കെയർ സൊസെറ്റിയിലെ ‘ഫ്രണ്ട്‌സ് ഫോർ കാൻസർ കെയർ’ ഉദ്‌ഘാടനം ചെയ്‌തത്. അഞ്ചുവർഷം നിശ്‌ചിത ഇടവേളകളിൽ തുടർപരിശോധനയാണ് പ്രധാന പ്രവർത്തനം.
മൂന്നുമാസത്തിലൊരിക്കൽ വിദഗ്‌ധ ഡോക്ടർമാരുടെ പരിശോധന, വർഷത്തിൽ ഒരു തവണ സമഗ്ര ആരോഗ്യപരിശോധന എന്നിവയുമുണ്ട്. പ്രകൃതി ചികിത്സയും യോഗയും ആയുർവേദവും സംയോജിപ്പിച്ചുള്ള ആരോഗ്യസേവനവും ഫ്രണ്ട്‌സ് ഉറപ്പാക്കുന്നു. എല്ലാ സേവനങ്ങളും സൗജന്യമാണ്.
‘കാൻസറിന്റെ പാർശ്വഫലങ്ങളെ ഫലപ്രദമായി ലഘൂകരിക്കാവുന്ന ഭക്ഷണക്രമം ഞങ്ങൾ നിർദേശിക്കുന്നു. യോഗയ്‌ക്ക് തുടർ ചികിത്സയിൽ അതിശയിപ്പിക്കുന്ന മാറ്റം സൃഷ്ടിക്കാനാകുന്നുണ്ട്. രോഗം അതിജീവിച്ച് 35 വർഷമായി ആരോഗ്യജീവിതം നയിക്കുന്നവർവരെ ഞങ്ങൾക്കൊപ്പമുണ്ട്.
കേരളത്തിൽ പത്തുവർഷം മുന്പ് രോഗത്തെ അതിജീവിക്കുന്നവർ പത്തുശതമാനമായിരുന്നു. ഇപ്പോഴത് അറുപത് ശതമാനത്തിൽ എത്തിനിൽക്കുന്നു’ – സൊസൈറ്റിക്ക് നേതൃത്വം നൽകുന്ന ഡോ. ഡി കൃഷ്‌ണനാഥ പൈ പറയുന്നു.
സ്‌തനാർബുദത്തെ തുടർന്ന് മാറിടം നീക്കം ചെയ്‌തവരിൽ കാണപ്പെടുന്ന ശാരീരിക അവസ്ഥയായ ലിംഫെഡിമ ചികിത്സക്കായി ഇന്ത്യയിൽ ആദ്യമായി ക്ലിനിക്ക് തുറന്നതും ഇവിടെയാണ്. സേവന സന്നദ്ധരായ ഡോക്ടർമാരും ജീവകാരുണ്യപ്രവർത്തകരും കൈകോർത്തുപിടിച്ചാണ് 1989ൽ സ്ഥാപിതമായ മലബാർ കാൻസർ കെയർ സൊസൈറ്റിയെ നയിക്കുന്നത്.










0 comments