ad
Deshabhimani

print edition ജീവൻ പകർന്ന കരുതലിന്‌ അംഗീകാരം

Organ transplant
വെബ് ഡെസ്ക്

Published on Aug 03, 2026, 01:30 AM | 1 min read

തിരുവനന്തപുരം : മരണാനന്തര അവയവദാന പ്രക്രിയ പുനരുജ്ജീവിപ്പിച്ച് കാര്യക്ഷമമാക്കിയ എൽഡിഎഫ്‌ സർക്കാരിന്റെ കരുതലിന്‌ ദേശീയ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ 16–-ാമത് ഭാരതീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ചാണ് പുരസ്‌കാര നേട്ടം പ്രഖ്യാപിച്ചത്‌.


മൃതസഞ്ജീവനി പദ്ധതിക്ക് കരുത്തേകി കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ സംസ്ഥാന അവയവ മാറ്റിവെക്കൽ അതോറിറ്റിയായി കെ-സോട്ടോയെ ശക്തിപ്പെടുത്തിയതാണ് നേട്ടത്തിന് വഴിയൊരുക്കിയത്. ആറുവർഷത്തിനിടെ 108 മരണാനന്തര അവയവദാതാക്കളിലൂടെ 347 ജീവൻരക്ഷാ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ സംസ്ഥാനത്ത്‌ നടത്തി. മസ്തിഷ്‌കമരണ സ്ഥിരീകരണം മുതൽ അവയവം മാറ്റിവയ്‌ക്കൽവരെയുള്ള പ്രക്രിയയ്ക്ക് രാജ്യത്ത് ആദ്യമായി ഏകീകൃത സംവിധാനം രൂപീകരിച്ചു. രോഗികളുടെ ഓൺലൈൻ രജിസ്ട്രേഷൻ, കേന്ദ്രീകൃത വെയിറ്റിങ്‌ ലിസ്റ്റ്, സുതാര്യത എന്നിവ ഉറപ്പാക്കി.


അവയവങ്ങൾ, മെഡിക്കൽ ടീം, സാമ്പിളുകൾ എന്നിവ അതിവേഗം എത്തിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടാക്‌സി -ആംബുലൻസ് ശൃംഖലയും പ്രത്യേക റിവോൾവിങ്‌ ഫണ്ടും തുടങ്ങി. പൊലീസുമായി ചേർന്ന് ഹരിത ഇടനാഴി സജ്ജമാക്കി. ഒമ്പത് തവണ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ട്രാൻസ്‌പോർട്ടേഷൻ സൗകര്യമൊരുക്കി. മെഡിക്കൽ ടീമിന് പ്രൊഫഷണൽ ഫീയും അനുവദിച്ചു. സ്‌മൃതി വന്ദനം, ജീവനേകാം ജീവനാകാം പദ്ധതികളിലൂടെ അവയവദാനത്തെക്കുറിച്ച്‌ അവബോധമുണ്ടാക്കി.


തിങ്കളാഴ്ച ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലെ ഭീം ഹാളിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി അനുപ്രിയ പട്ടേലിൽനിന്ന് കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ് എസ് നോബിൾ ​ഗ്രേഷ്യസ് പുരസ്‌കാരം ഏറ്റുവാങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home