കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യുക്കേഷൻ ടെക്നോളജി സ്റ്റാർട്ടപ് ‘യുണീക്ക് വേൾഡ് റോബോട്ടിക്‌സ്’ ആണ് നേട്ടം വരിച്ചത്
print edition നാസ സ്പേസ് ആപ്സ് ചലഞ്ച് ; ലോകത്തിലെ ഏറ്റവും വലിയ സംഘാടകരായി മലയാളി സ്റ്റാര്‍ട്ടപ്

കൊച്ചി
നാസ സ്പേസ് ആപ്സ് ചലഞ്ച് 2025-ന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ സംഘാടകരായി കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യുക്കേഷൻ ടെക്നോളജി സ്റ്റാർട്ടപ് ‘യുണീക്ക് വേൾഡ് റോബോട്ടിക്‌സ്’ (യുഡബ്ല്യുആർ). ബഹിരാകാശ, ഭൗമശാസ്ത്ര നൂതനാശയങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തോണാണ് നാസ സ്പേസ് ആപ്സ് ചലഞ്ച്. കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് യുഡബ്ല്യുആര്‍.
ഈ വർഷം ഇന്ത്യ, യുഎഇ, യൂറോപ്പ് എന്നിവിടങ്ങളിലായി 22 പ്രാദേശിക ഇവന്റുകളാണ് യുഡബ്ല്യുആര്‍ സംഘടിപ്പിച്ചത്. ഇതിൽ ഇന്ത്യയിൽ നടന്ന 16 പരിപാടികളില്‍ കേരളത്തിലെ എട്ടെണ്ണവും ഉൾപ്പെടുന്നു. യുഡബ്ല്യുആര്‍ ഇവന്റ് സംഘടിപ്പിച്ച കേന്ദ്രങ്ങളിൽനിന്ന് മാത്രം 15,308 രജിസ്‌ട്രേഷനുകളും 2,276 ടീമുകളും 1,200-ലധികം പ്രോജക്റ്റുകളും സമര്‍പ്പിച്ചു. ആഗോളതലത്തിൽ ആകെ 1,14,094 രജിസ്‌ട്രേഷനുകളും 16,860 ടീമുകളും ഉണ്ടായപ്പോൾ അതിൽ 13.42 ശതമാനം രജിസ്‌ട്രേഷനുകളും 13.5 ശതമാനം ടീമുകളും യുഡബ്ല്യുആര്‍ വഴിയാണെന്നത് ശ്രദ്ധേയമായ നേട്ടമാണെന്ന് കമ്പനി സ്ഥാപകൻ ബാൻസൺ തോമസ് ജോർജ് പറഞ്ഞു.
സ്റ്റോറി ടെല്ലിങ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ആസ്‌ട്രോഫിസിക്‌സ്, കൃഷി, ബഹിരാകാശ പര്യവേഷണം തുടങ്ങിയ വിവിധ മേഖലകളിലായിരുന്നു മത്സരങ്ങൾ. ചരിത്രത്തിലാദ്യമായി ലോകമെമ്പാടുമുള്ള 16,860 ടീമുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച 45 ഗ്ലോബൽ ഫൈനലിസ്റ്റുകളിൽ കേരളത്തിൽനിന്ന് രണ്ട് ടീമുകളും ഇടംനേടി, കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിലെ അഞ്ച് രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളടങ്ങുന്ന ‘ടീം മെറ്റിയോർ റിസ്‌ലേഴ്‌സ്', പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിലെ ആറ് വിദ്യാർഥികളടങ്ങുന്ന ‘ടീം സെലസ്റ്റ'. 2023-ൽ തൃശൂരിൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക ഇവന്റ് സംഘടിപ്പിച്ചാണ് യുണീക്ക് വേൾഡ് റോബോട്ടിക്സ് നാസ സ്പേസ് ആപ്സ് ചലഞ്ചിന് തുടക്കമിട്ടത്.









0 comments