print edition ‘പെരുമഴയത്ത് മണ്ണുമല കുത്തിയൊലിച്ചുവന്നു’

തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട ലോറിക്കടിയിൽനിന്ന് കൂടമ്മാളിനെ ഭർത്താവ് ബാൽരാജ് രക്ഷപ്പെടുത്തുന്നു. ആശുപത്രിയിൽ ചികിത്സതേടിയ കൂടമ്മാൾ അപകടത്തെക്കുറിച്ച് വിവരിക്കുന്നു
മേപ്പാടി: ‘‘പെരുമഴയത്ത് മണ്ണുമല ഞങ്ങൾക്കുനേരെ വന്നു. ചെളിയും മണ്ണും ഇരച്ചെത്തി. ബസ് കാത്തിരുന്ന ഞങ്ങൾ ഓടി. കുത്തിയൊലിച്ച വെള്ളം റോഡിലുണ്ടായിരുന്ന ലോറി നിരക്കിക്കൊ കൊണ്ടാണ് വന്നത്. ലോറിയിൽ തട്ടി റോഡിൽ തെറിച്ചുവീണു. കഴുത്തൊപ്പം ചെളി. മരിച്ചെന്നാണ് കരുതിയത്’’–മേപ്പാടി കള്ളാടിയിലെ മണ്ണിടിച്ചിലിൽനിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട കൂടമ്മാളിന് ഇപ്പോഴും ഭീതിയകന്നിട്ടില്ല.
ഭർത്താവ് ബാൽരാജിനൊപ്പം ബാങ്കിലേക്കുപോകാൻ ബസുതേടി വന്നപ്പോഴാണ് മണ്ണിടിച്ചിലിൽപ്പെട്ടത്. ‘‘പണിക്കാരും നാട്ടുകാരും റോഡിലുണ്ടായിരുന്നു. വലിയ ശബ്-ദമൊന്നുമില്ലാതെ മണ്ണൊന്നാകെ കുത്തിയൊലിച്ചെത്തി. കാലിൽ മണ്ണ് മൂടിയപ്പോൾ ഓടാനായില്ല. ഭർത്താവ് പിടിച്ച് വലിച്ചപ്പോഴാണ് കുതറി എഴുന്നേറ്റത്. തൊട്ടുപിറകെ ലോറിയും ഒഴുകിയൊലിച്ചെത്തി. നിർത്തിയിട്ട ജീപ്പിനും ലോറിക്കും ഇടയിലേക്കാണ് കഴുത്തോളം ചെളിയിൽ മുങ്ങിവീണത്.’’
മീനാക്ഷി ഏലം എസ്റ്റേറ്റിൽ ജോലിചെയ്യുന്ന ദന്പതികൾ മണ്ണിടിച്ചിലിന് നിമിഷങ്ങൾക്കുമുമ്പ് കടന്നുപോയ കെഎസ്‌ആർടിസി ബസിൽ കയറാനാണ് എത്തിയത്. ബസ് പോയതും ഇവരെത്തിയതും മണ്ണിടിഞ്ഞതും ഒരുമിച്ചായിരുന്നു. വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാലാണ് വൻദുരന്തം ഒഴിവായതെന്ന് കൂടമ്മാൾ പറഞ്ഞു.










0 comments