print edition ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നാടുകാണി ചുരത്തിൽ കാട്ടാന ബൈക്ക് തകർത്തു

എടക്കര: നാടുകാണി ചുരം റോഡിൽ ബൈക്ക് യാത്രികരായ ദമ്പതികൾക്കുനേരെ കാട്ടാനയുടെ ആക്രമണം. ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നാടുകാണി ചുരത്തിലെ തേൻപാറക്ക് സമീപം വ‍്യാഴം രാവിലെ 6.30നാണ് സംഭവം.
വനത്തിൽനിന്ന് ചുരം റോഡിലിറങ്ങിയ മോഴയാനയാണ് യാത്രക്കാരെ ആക്രമിച്ചത്. റോഡരികിൽ ആന നിൽക്കുന്നത് കണ്ട് ബൈക്ക് യാത്രികരായ ദമ്പതികൾ വാഹനം ദൂരെ നിർത്തി. ആനയെ കണ്ട് ഇരുഭാഗങ്ങളിലുമായി മറ്റ് നിരവധി വാഹനങ്ങളും നിർത്തിയിട്ടിരുന്നു.
ഇതിനിടെ ഒരു വാഹനം ഹോൺ മുഴക്കി. പ്രകോപിതനായ ഒറ്റയാൻ പെട്ടെന്ന് ദമ്പതികളുടെ ബൈക്കിനുനേരെ പാഞ്ഞടുത്തു. ആന പാഞ്ഞുവരുന്നത് കണ്ട് ഇവർ ബൈക്ക് ഉപേക്ഷിച്ച് ഓടി. കലിപൂണ്ട ഒറ്റയാൻ ബൈക്ക് ചവിട്ടി തകർത്തു. സൈലൻസറിന്റെ ഭാഗത്താണ് ചവിട്ടിയത്.
പൊള്ളലേറ്റത് കാരണം ആന പെട്ടെന്ന് കാൽ വലിച്ച് പിന്തിരിഞ്ഞു. പിന്നീടും റോഡരികിൽതന്നെ നിന്ന ആന ഒരുമണിക്കൂറിനുശേഷമാണ് കാടുകയറിയത്. നാടുകാണി ചുരം റോഡരികിൽ കാട്ടാനകൾ മേയുന്നത് പതിവാണ്. എന്നാൽ യാത്രക്കാരെ ആക്രമിക്കുന്നത് അപൂർവമാണ്. രാത്രി യാത്രചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.










0 comments