print edition കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് എൻ പ്രഭാകരന് സമ്മാനിച്ചു

കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് എൻ പ്രഭാകരന് കെ പി രാമനുണ്ണി സമ്മാനിക്കുന്നു
തലശേരി: സാഹിത്യകാരൻ എൻ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് സമ്മാനിച്ചു. ധർമടത്തെ അദ്ദേഹത്തിന്റെ വീടായ ‘കനി’യിൽ ചേർന്ന ലളിതമായ ചടങ്ങിൽ അക്കാദമി നിർവാഹകസമിതി അംഗവും എഴുത്തുകാരനുമായ കെ പി രാമനുണ്ണി അവാർഡ് കൈമാറി. എൻ പ്രഭാകരന്റെ ‘മായാമനുഷ്യർ’ എന്ന നോവലാണ് അവാർഡിനർഹമായത്.
കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന അവാർഡ് സമർപ്പണച്ചടങ്ങിൽ ആരോഗ്യപ്രശ്നങ്ങളാൽ എൻ പ്രഭാകരന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് വീട്ടിലെത്തി കൈമാറിയത്. കെ പി രാമനുണ്ണി, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ, നിരൂപകൻ എ വി പവിത്രൻ, എൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ജൂറി അംഗം പത്മനാഭൻ കാവുന്പായി, ധർമടം പഞ്ചായത്ത് പ്രസിഡന്റ് ബി ഗീതമ്മ, മുൻ പ്രസിഡന്റ് എൻ കെ രവി, ധർമടം സഹകരണ ബാങ്ക് പ്രസിഡന്റ് ടി അനിൽ, പറശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ പ്രൊഫ. ഇ കുഞ്ഞിരാമൻ, എൻ പ്രഭാകരന്റെ ഭാര്യ കെ പി റീന, മകൻ പി ആർ സുചേത്, സന്തോഷ് മാനിച്ചേരി, പ്രൊഫ. വി രവീന്ദ്രൻ, പ്രൊഫ. കെ കെ സഹദേവൻ, ഡോ. എം എസ് സുധീരൻ എന്നിവരും പങ്കെടുത്തു.










0 comments