print edition ക്ഷേമപെൻഷൻ തടയാൻ പ്രേമചന്ദ്രന്റെ കുത്തിത്തിരിപ്പ്

ഒ വി സുരേഷ്
Published on Dec 19, 2025, 02:43 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, സഹകരണമേഖലയിൽ ഇടപെടാൻ കേന്ദ്രത്തെ നിർബന്ധിക്കുന്ന ചോദ്യം ലോക്‌സഭയിൽ ഉന്നയിച്ച് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ. കേരള സർക്കാരിന്റെ പദ്ധതികൾക്കായി കേരള ബാങ്കുൾപ്പെടെയുള്ള സഹകരണസംഘങ്ങളിലെ പണം ഉപയോഗിക്കുന്നത് ശ്രദ്ധയിലുണ്ടോ? പണം തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടികൾഎന്തെല്ലാം? എന്നാണ് ഡിസംബർ 15ന് ലോക്‌സഭയിൽ നക്ഷത്രചിഹ്നമിടാത്ത 2511 നമ്പർ ചോദ്യമായി പ്രേമചന്ദ്രൻ ഉന്നയിച്ചത്. അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടതിനാൽ കേരളത്തിലെ എഎവൈ കാർഡുടമകൾക്കുള്ള അരിവിഹിതം കുറയ്‌ക്കുമോ എന്ന് കുറച്ചുദിവസംമുന്പ് ചോദ്യമുയർത്തിയത് പ്രേമചന്ദ്രനും കോഴിക്കോട് എംപി എം കെ രാഘവനുമാണ്. അതെക്കുറിച്ച് അറിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. സംസ്ഥാനത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോൾ, അതിന് പിന്തുണ നൽകുന്ന ഇടപെടലുകളുമായി യുഡിഎഫ് എംപിമാർ സജീവമാകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാ ണിത്.

ക്ഷേമപെൻഷൻ വിതരണത്തിന് ബജറ്റിൽ 29,460 കോടി രൂപ സർക്കാർ നീക്കിവെച്ചിരുന്നു. എന്നാലും, 63 ലക്ഷം പേർക്ക് തടസ്സമില്ലാതെ പെൻഷൻ നൽകാൻ രൂപം നൽകിയ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് (കെഎസ്‌എസ്‌പിഎൽ), സഹകരണസംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന് വായ്‌പയെടുക്കുന്നുണ്ട്. സംഘങ്ങളിലെ നിക്ഷേപത്തിന് സംസ്ഥാന സർക്കാരാണ് ഗ്യാരന്റി നൽകുന്നത്. ഇൗ പണം സംസ്ഥാനത്തിന് ഉപയോഗിക്കാൻ തടസ്സമില്ല. എങ്കിലും അതിന് വഴിയുണ്ടോ എന്ന് അന്വേഷിക്കുകയാണ് പ്രേമചന്ദ്രൻ.
യുഡിഎഫ് എംപിമാർ സംസ്ഥാനത്തിന്റെ ആവശ്യം പാർലമെന്റിൽ ഉന്നയിക്കാറില്ല. ലോക്‌സഭാ സമ്മേളനം തുടങ്ങുംമുമ്പ് എംപിമാരുടെ യോഗം വിളിച്ചുചേർത്ത മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ആവശ്യങ്ങളും നേരിടുന്ന വിവേചനങ്ങളും ശ്രദ്ധയിൽപ്പെടുത്തുകയും സഭയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു. അതെല്ലാം അവഗണിച്ചാണ് സംസ്ഥാനത്തെ ദ്രോഹിക്കാൻ യുഡിഎഫ് എംപിയുടെ ഇടപെടൽ.










0 comments