ad
Deshabhimani

print edition മലയാളി നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത; ആദിത്യൻ പഠിച്ചിരുന്നത് ഡി കെ ശിവകുമാറിന്റെ കോളേജിൽ

adithyan nursing student
വെബ് ഡെസ്ക്

Published on May 03, 2026, 12:01 AM | 2 min read

തിരുവനന്തപുരം : അരുവിക്കര സ്വദേശിയായ നഴ്സിങ്‌ വിദ്യാർ‌ഥി ആദിത്യനെ (19) കർണാടകത്തിലെ കോളേജ് ഹോസ്റ്റലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസ് അട്ടിമറിക്കാൻ കർണാടക പൊലീസിന്റെ ശ്രമം. ആദ്യഘട്ടത്തിൽ പരാതി സ്വീകരിക്കാൻപോലും പൊലീസ് തയ്യാറായില്ലെന്നും വക്കീലുമായി എത്തിയപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ആദിത്യന്റെ അച്ഛൻ പ്രദീപ് പറഞ്ഞു.


ബംഗളൂരു ബൊമ്മസന്ദ്ര ബിടിഎൽ സ്‌കൂൾ ഓഫ് നഴ്സിങ്ങിലെ ഹോസ്റ്റൽമുറിയിൽ ബുധൻ ഉച്ചയോടെയാണ് ആദിത്യനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറാണ് കോളേജ് മാനേജ്മെന്റിന്റെ സെക്രട്ടറി. ഈ ഉന്നതതല രാഷ്ട്രീയബന്ധം കാരണം പൊലീസ് പ്രതികളെ ചോദ്യം ചെയ്യാനോ ആദിത്യന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കാനോ തയ്യാറായിട്ടില്ല. ആദിത്യനെ അപമാനിച്ച സന്തോഷ് പാണ്ഡെ എന്ന അധ്യാപകനെയും പ്രതി ചേർത്തിട്ടില്ല. ഈ അധ്യാപകനെതിരെ മുന്പും സമാനമായ പരാതികളുള്ളതായി സഹപാഠികൾ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്തതെന്ന് വരുത്തിത്തീർക്കാനാണ് കർണാടക പൊലീസിന്റെ ശ്രമമെന്ന് ആദിത്യന്റെ ബന്ധുക്കൾ പറഞ്ഞു.


നാല് മലയാളി വിദ്യാർഥികൾക്കൊപ്പമായിരുന്നു ഹോസ്റ്റൽമുറിയിൽ താമസം. ബുധനാഴ്ച കോളേജിൽ എത്തിയില്ല. കോളേജിലേക്ക്‌ വരുന്നില്ലെന്ന് രാവിലെ ആദിത്യൻ പറഞ്ഞതായി ഒപ്പം താമസിക്കുന്ന വിദ്യാർഥികൾ പറയുന്നു. പിന്നീട്, ആദിത്യന്റെ മുറിക്കുസമീപം ജിം ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി ഉള്ളിൽനിന്ന്‌ പൂട്ടിയനിലയിൽ കണ്ടത് ശ്രദ്ധിച്ച ഒരു വിദ്യാർഥിയാണ് ജനാലയിലൂടെ നോക്കിയപ്പോൾ ആദിത്യനെ മരിച്ചനിലയിൽ കണ്ടത്‌.


ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം മകനും ഉണ്ടെന്ന് ആരോപിച്ച് സന്ദീപ് പാണ്ഡെ 20 ദിവസംമുന്പ്‌ കുട്ടികളുടെ മുന്നിൽവച്ച് ആദിത്യനെ അപമാനിച്ചിരുന്നുവെന്ന് അച്ഛൻ പ്രദീപ് പറഞ്ഞു. കോളേജിലെ ക്ലാസ് റപ്രസന്റേറ്റീവ് ആയ ആദിത്യൻ ലഹരി ഉപയോഗിക്കുന്നയാളല്ല. മുന്പ്‌ ആദിത്യനൊപ്പം കഴിഞ്ഞിരുന്ന ചില വിദ്യാർഥികളെ ലഹരി ഉപയോഗിച്ചതിനെത്തുടർന്ന് അധ്യാപകർ ശിക്ഷിച്ചിരുന്നു. പുതിയ ബാച്ച് വന്നപ്പോഴും ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവർക്കൊപ്പം ആദിത്യനും ഉണ്ടെന്നാരോപിച്ച് അധ്യാപകൻ അപമാനിച്ചെന്നും പ്രദീപ് കുമാർ പറഞ്ഞു.


അന്വേഷണം അട്ടിമറിക്കാൻ ശ്രമം ; പൊലീസിൽ പരാതി നൽകി


അരുവിക്കര സ്വദേശിയായ നഴ്സിങ്‌ വിദ്യാർ‌ഥി ആദിത്യന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിത്യന്റെ അച്ഛൻ പ്രദീപ് അരുവിക്കര പൊലീസിന് പരാതി നൽകി. കർണാടക പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് കേരള പൊലീസിന് പരാതി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home