print edition അടിമുടി ദുരൂഹം: വൈദ്യുതി വെട്ടിപ്പിൽ നഷ്ടത്തിനൊപ്പം കോടികളുടെ അഴിമതിയും

ഒ വി സുരേഷ്
Published on Nov 16, 2026, 01:27 AM | 2 min read
തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബൽ ഇന്ത്യ എന്ന സ്വകാര്യ കമ്പനിയുമായി 200 മെഗവാവാട്ട് വൈദ്യുതി വാങ്ങാന്‍ യുഡിഎഫ് സർക്കാർ ഉണ്ടാക്കിയ കരാറിൽ അടിമുടി ദുരൂഹതയും നിയമലംഘനവും. റെഗുലേറ്ററി കമീഷനിൽനിന്ന് മുൻകൂർ അനുമതി വാങ്ങാതെ, ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങിയതിൽ സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്‌ടമുണ്ടായതിനൊപ്പം കോടികൾ മറിഞ്ഞതായും വിവരം. സ്വന്തമായി വൈദ്യുതി നിലയമില്ലാത്ത വിഇഎച്ച് എവിടെനിന്നുള്ള വൈദ്യുതിയാണ് എത്തിച്ചത് എന്നതുൾപ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ റെഗുലേറ്ററി കമീഷന് കൈമാറിയിട്ടുമില്ല.
സെപ്‌തംബർ 27നാണ് വിഇഎച്ചിൽനിന്നുള്ള വൈദ്യുതി എത്തിത്തുടങ്ങിയത്. ദിവസം 200 മെഗാവാട്ട് വരെ വൈദ്യുതി 11 രൂപയ്‌ക്ക് എത്തിക്കാനാണ് കരാർ. വൈദ്യുതി വകുപ്പോ കെഎസ്ഇബിയോ അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ഇടപാടിന് ഓഫർ വന്നതും ദുരൂഹം. സർക്കാർ നിർദേശം വന്നതോടെ, കമീഷൻ അനുമതിയില്ലാതെ വൈദ്യുതി വാങ്ങുന്നതും യൂണിറ്റിന് അനുവദനീയമായ 10 രൂപയിൽ കുടുതൽ വില നൽകേണ്ടതും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്‌ഇബി സർക്കാരിന് നോട്ട് നൽകി. ഇത് പരിഗണിക്കാതെയാണ് വൈദ്യുതി വാങ്ങാൻ സെപ്‌തംബർ 22ന് സർക്കാർ നിർദേശിച്ചത്. ടെൻഡർ വഴിയാണ് വാങ്ങുന്നതെങ്കിൽ രണ്ടിനും നാലിനുമിടയിൽ രൂപയ്‌ക്ക് കാറ്റിൽനിന്നുള്ള വൈദ്യുതി ലഭിക്കുമെന്ന് കെഎസ്‌ഇബി വൃത്തങ്ങൾ പറയുന്നു.
സെപ്‌തംബറിൽ രണ്ടുദിവസമാണ് വൈദ്യുതി ലഭിച്ചത്. പിന്നീട് 15 ദിവസവും. അതും കുറഞ്ഞ അളവില്‍. മുൻകൂർ അനുമതിയില്ലാതെ വൈദ്യുതി വാങ്ങിയാൽ രണ്ടാഴ്‌ചയ്‌ക്കകം റെഗുലേറ്ററി കമീഷന് രേഖകൾ സഹിതം കെഎസ്ഇബി അപേക്ഷ നൽകണം. എന്നാൽ, ഒക്‌ടോബർ 25ന് മാത്രമാണ് കമീഷനെ സമീപിച്ചത്. അപ്പോഴും സുപ്രധാന വിവരങ്ങൾ മറച്ചുവച്ചു.
വൈദ്യുതിയുടെ ഉറവിടം, നിരക്ക് അറിയിച്ചുള്ള ഓഫർ ലെറ്റർ, നിരക്ക് നിശ്‌ചയിച്ചത് എങ്ങനെ, കമീഷൻ മുൻകൂർ അനുമതി നൽകാതെയും ടെൻഡർ നടപടിയില്ലാതെയും പരസ്‌പരം നിശ്ചയിച്ച നിരക്കിൽ വൈദ്യുതി വാങ്ങാൻ നിയമത്തിലെ ഏത് വ്യവസ്ഥയാണ് അനുവദിക്കുന്നത് എന്നിവയുൾപ്പെടെ 15 ചോദ്യങ്ങൾ സഹിതം കെഎസ്ഇബി അപേക്ഷ കമീഷൻ തിരിച്ചയച്ചു.
ഉറവിടം മറച്ചത് ബോധപൂർവം
ഏതു നിലയത്തിൽനിന്നാണ് വൈദ്യുതി വാങ്ങിയത് എന്നത് റെഗുലേറ്ററി കമീഷനിൽനിന്ന് മറച്ചുവച്ചത് സംശയാസ്പദം. വൈദ്യുതി നിയമപ്രകാരം ഏതു നിലയത്തിൽനിന്നാണ് വൈദ്യുതി വാങ്ങുന്നതെന്ന് അനുമതി തേടുംമുമ്പ് കമീഷനെ അറിയിക്കണം. ഓരോ നിലയത്തിൽനിന്നുമുള്ള വൈദ്യുതിക്കും അതത് സംസ്ഥാനത്തെ റെഗുലേറ്ററി കമീഷൻ നിരക്ക് നിശ്‌ചയിക്കും. വിശദ പരിശോധന നടത്തി ഉൽപ്പാദനച്ചെലവിന്റെ 16 ശതമാനം അധികമാകും നിശ്‌ചയിക്കുന്ന തുക. വിവിധ സംസ്ഥാനങ്ങളിലെ വിവിധ നിലയങ്ങളിലെ വൈദ്യുതിക്ക് കേരളത്തിലെ റെഗുലേറ്ററി കമീഷൻ നിരക്ക് നിശ്‌ചയിച്ചിട്ടുണ്ട്.
കമീഷന് നൽകിയ ഹർജിയിൽ നിലയത്തിന്റെ പേര് മറച്ചുവച്ചത് ഇത്തരം നടപടിക്രമം ഒഴിവാക്കാനാണ്. വൈദ്യുതി നിയമപ്രകാരം നിലയത്തിന്റെ പേര് വ്യക്തമാകാതെ കമീഷൻ നിരക്ക് നിശ്‌ചയിക്കുകയുമില്ല. സർക്കാരിന്റെ നിയമലംഘനം കമീഷൻ അംഗീകരിച്ചാൽ അത് പിന്നീട് നിയമപ്രശ്‌നമാകും.








0 comments