നമ്പർ പ്ലേറ്റും ഹെൽമെറ്റും, ഇൻഷുറൻസുമില്ല; വെടിപൊട്ടുന്ന ശബ്ദവുമായി പാഞ്ഞ് ബുള്ളറ്റ്, പിടികൂടി 23,750 രൂപ പിഴയിട്ടു

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം
കാക്കനാട്: നമ്പർ പ്ലേറ്റും ഹെൽമെറ്റും ഇൻഷുറൻസുമില്ലാതെ വെടിപൊട്ടുന്ന ശബ്ദവുമായി ദേശീയപാതയിലൂടെ പാഞ്ഞ ബുള്ളറ്റ് യാത്രക്കാരനെ പിടികൂടി മോട്ടോർ വാഹനവകുപ്പ്. മുൻപിലും പിന്നിലും നമ്പർ പ്ലേറ്റില്ലാത്ത വണ്ടിയിൽ യുവാവും യുവതിയുമാണ് സഞ്ചരിച്ചിരുന്നത്. ഇവർ ധരിച്ചിരുന്ന വസ്ത്രത്തിലെ സ്ഥാപനത്തിന്റെ പേര് പിന്തുടർന്നാണ് യാത്രികരെ മോട്ടർ വാഹനവകുപ്പ് പിടികൂടിയത്.
നിയമലംഘനങ്ങൾക്കെല്ലാം കൂടിയായി 23,750 രൂപ പിഴ ചുമത്തി. കഴിഞ്ഞദിവസം അങ്കമാലി ജങ്ഷനിൽ മഫ്തിയിൽ പരിശോധന നടത്തുകയായിരുന്ന വെഹിക്കിൾ ഇൻസ്‌പെക്ടറുടെ മുന്നിലേക്കാണ് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി യുവാവും യുവതിയും ബുള്ളറ്റിൽ എത്തിയത്. ബൈക്കിന് നമ്പർപ്ലേറ്റ് ഇല്ലാതിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് വണ്ടി തിരിച്ചറിയാൻ സാധിച്ചില്ല. എന്നാൽ ഇരുവരും ധരിച്ചിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരെഴുതിയ വസ്ത്രത്തിൽ ഇൻസ്പെക്ടറുടെ കണ്ണുടക്കി.
ഈ ബ്രാൻഡ് നെയിം നൽകുന്ന സ്ഥാപനം അങ്കമാലിയിൽ എവിടെയാണെന്ന് അന്വേഷിച്ചുകണ്ടെത്തി ഉദ്യോഗസ്ഥർ തൊട്ടടുത്ത നിമിഷം അവിടെയെത്തി. തങ്ങൾ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരാണെന്ന് സെക്യൂരിറ്റി ജീവനക്കാരെ ബോധ്യപ്പെടുത്തിയ ശേഷം, മൊബൈലിൽ പകർത്തിയ ബുള്ളറ്റ് യാത്രക്കാരുടെ ചിത്രം ഉദ്യോഗസ്ഥർ അവരെ കാണിച്ചു. ചിത്രം കണ്ടയുടൻ സെക്യൂരിറ്റി ജീവനക്കാർ ഇരുവരെയും തിരിച്ചറിയുകയും ഇവർ ഈ വസ്ത്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരൻ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തുടർന്ന് കടയ്ക്കുള്ളിൽ കയറി യുവാവിനെ പിടികൂടുകയായിരുന്നു. വിശദമായ പരിശോധനയിലാണ് വാഹനത്തിൽ വരുത്തിയ രൂപമാറ്റങ്ങൾ ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയത്. സൈലൻസർ ഉൾപ്പെടെ ബുള്ളറ്റിൽ വരുത്തിയ രൂപമാറ്റങ്ങളെല്ലാം അഴിച്ചുമാറ്റി, വാഹനം പഴയ നിലയിലാക്കി എത്രയുംവേഗം ആർടിഓഫീസിൽ ഹാജരാക്കണമെന്ന കർശന നിർദേശത്തോടെ വാഹനം താത്കാലികമായി വിട്ടുകൊടുത്തു.










0 comments