ഇ ഡി ഉന്നയിക്കുന്നത് കോടതി തള്ളിക്കളഞ്ഞ വിഷയം; രാഷ്‌ട്രീയ പകപോക്കൽ വ്യക്തം: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: ടി വീണയ്‌ക്കെതിരെ സിഎംആര്‍എല്‍ കരാറുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തുന്ന അന്വേഷണം രാഷ്ട്രീയലക്ഷ്യത്തോടെ തന്നെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അന്വേഷണം പ്രതിപക്ഷനേതാവ് പിണറായി വിജയനിലേക്കെത്തിക്കുവാന്‍ കഴിയുമോയെന്ന് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അഴിമതി നിരോധന നിയമ പ്രകാരം പിണറായി വിജയനെയും, പി എ മുഹമ്മദ് റിയാസിനെയും ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഇ ഡിയുടെ പുതിയ കത്ത്. ഭരണമാറ്റത്തിന്റെ മറവില്‍ രാഷ്‌ട്രീയ പകപോക്കലിന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവും എന്ന നിഗമനത്തില്‍, കോടതി തള്ളിക്കളഞ്ഞ അതേ ആവശ്യം വീണ്ടും ഉന്നയിക്കുകയാണ് ഇ ഡിയെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും ഈ ആരോപണങ്ങൾ ഉന്നയിച്ച് കോടതിയെ സമീപിച്ചപ്പോൾ ആ കേസുകളെല്ലാം കോടതികള്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. 2025 മാര്‍ച്ച് 28 ന് ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ 588/2024 നമ്പര്‍ കേസില്‍ കേരള ഹൈക്കോടതി മാത്യു കുഴല്‍നാടന്റെ ഹർജി തള്ളിക്കൊണ്ട് ഉത്തരവായിട്ടുണ്ട്. അതായത് ഇപ്പോള്‍ ഇ ഡി ഉന്നയിക്കുന്ന വിഷയം നേരത്തെ തന്നെ ജുഡീഷറിയുടെ പരിശോധനയ്‌ക്ക് വിധേയമായതാണ് എന്നര്‍ത്ഥം. സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ചില്‍ ഈ കേസ് വന്നിരുന്നുവെങ്കിലും തള്ളിക്കളയുകയാണ് ചെയ്‌തത്.
എസ്‌എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്‌തതും റെയ്‌ഡ് അടക്കമുള്ള നടപടികളിലേക്കും കടന്നത്. എന്നാല്‍ എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ട് തന്നെ നിയമപ്രകാരം നിലനില്‍ക്കുന്നതല്ല. ആ റിപ്പോര്‍ട്ട് ചോദ്യം ചെയ്‌ത് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌ത കേസ് വിചാരണ കാത്തുകഴിയുകയാണ്. നിയമപരമായി എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ട് നിലനില്‍ക്കില്ല എന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കണം പുതിയ കേസ് രജിസ്റ്റര്‍ ചെയ്യിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനോട് ഇ ഡി ആവശ്യപ്പെടുന്നത്. ഡല്‍ഹി ഹൈക്കോടതി എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ട് റദ്ദ് ചെയ്‌തതിനാൽ ഇ ഡി ഇതുവരെ നടത്തിയ നീക്കങ്ങളെല്ലാം അസാധുവാകും.
തട്ടിക്കൂട്ടിയ ഈ കേസ് മുന്നോട്ടുകൊണ്ടുപോകാനാണ് ഇപ്പോള്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. കേസെടുക്കണമെങ്കില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ സിഎംആര്‍എല്‍-ന് വേണ്ടി ക്രമവിരുദ്ധമായി സര്‍ക്കാരിന് നഷ്‌ടവും തനിക്ക് നേട്ടവും ഉണ്ടാക്കുന്ന ആനുകൂല്യങ്ങള്‍ ചെയ്‌തിട്ടുണ്ടാവണം. അത്തരത്തില്‍ ഒരു ആനുകൂല്യവും നല്‍കിയതായി വിജിലന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ തെളിയിക്കാനായില്ല എന്നതിനാലാണ് മുന്‍പ് വിജിലന്‍സ് കേസ് എടുപ്പിക്കാനുള്ള ഹർജികള്‍ കോടതികള്‍ തള്ളിക്കളഞ്ഞത്.
നേരത്തെ എസ്‌എഫ്‌ഐഒയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ തന്നെ പിണറായി വിജയന്റെ പേര് സൂചിപ്പിക്കുന്ന തരത്തില്‍ പ്രഖ്യാപനം വന്നപ്പോള്‍ ഈ കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നത് എന്ന കാര്യം പാര്‍ടി വ്യക്തമാക്കിയിരുന്നു. സിഎംആര്‍എല്ലില്‍ നടന്നു എന്ന് പറയുന്ന റെയ്‌ഡില്‍ 182 കോടി രൂപ വിവിധ ആള്‍ക്കാര്‍ക്കായി നല്‍കിയതിന് ഡയറി കുറിപ്പ് ലഭിച്ചുവെന്നാണ് ആദ്യം പുറത്തുവന്ന കത്ത്. അതില്‍ ഇപ്പോഴത്തെ ഭരണ കക്ഷിനേതാക്കളുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. അവരില്‍ ചിലര്‍ സംഭാവനയായി പണം കൈപ്പറ്റിയിട്ടുണ്ട് എന്ന് സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്.
ഡയറിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ്, ഉമ്മന്‍ചാണ്ടി, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ പേര് വന്നിട്ടും ഇത് സംബന്ധിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്? ഡയറിയില്‍ പേരുള്ള ആഭ്യന്തര മന്ത്രിയുടെ വകുപ്പിനാണ് ഇ ഡി കത്ത് നല്‍കിയത് എന്നത് വിരോധാഭാസമാണ്.
തന്റെ കമ്പനിയായ എക്‌സാലോജിക്കും സിഎംആല്‍എല്ലും തമ്മിലുണ്ടായ കരാറിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന സേവനങ്ങള്‍ക്കാണ് പണം കൈപ്പറ്റിയത് എന്ന് വീണ വ്യക്തമാക്കിയതാണ്. പക്ഷേ, ഇതുമാത്രം തെരഞ്ഞെടുത്ത് പ്രത്യേകമായി ഒരു കേസ് കെട്ടിച്ചമയ്‌ക്കുകയാണ്. ആകെയുള്ള 182 കോടി രൂപയില്‍ വളരെ ചുരുങ്ങിയ തുക മാത്രം എടുത്താണ് ഇ ഡി കേസുമായി മുന്നോട്ടുവന്നത്.
എസ്‌എഫ്‌ഐഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ മറവിലാണ് ഇ ഡി കേസെടുത്തത്. കമ്പനി മാനേജ്‌മെന്റ് നടത്തിയ ചെലവുകള്‍ കമ്പനിക്കും അതുവഴി ഓഹരി ഉടമകള്‍ക്കും നഷ്‌ടം സംഭവിച്ചു എന്നാണ് ഈ ആരോപണത്തിന്റെ ചുരുക്കം. അങ്ങനെയെങ്കില്‍ 182 കോടി രൂപ നഷ്‌ടം സംഭവിച്ചതിന് കാരണക്കാരായ മറ്റുള്ളവര്‍ക്കെതിരെ അന്വേഷണമില്ലാത്തത് എന്തുകൊണ്ടാണ്? ഇതിന്റെ പിറകിലുള്ളത് രാഷ്‌ട്രീയ പകപോക്കൽ മാത്രമാണെന്ന് വ്യക്തമാണ്.
സിഎംആര്‍എല്‍ കമ്പനിക്ക് എക്‌സാലോജിക്കുമായി ഏര്‍പ്പെട്ട കരാറുമായി ഒരു തരത്തിലുള്ള നഷ്‌ടവും സംഭവിച്ചതായി കമ്പനി ഡയറക്‌ടര്‍ ബോര്‍ഡിനോ അവരുടെ ഓഡിറ്റ് വിഭാഗത്തിനോ ആരോപണമില്ല. എക്‌സാലോജിക്ക് കൈപ്പറ്റിയത് കള്ളപ്പണമോ സ്വകാര്യ പണമിടപാടോ അല്ല. കരാര്‍ പ്രകാരം ലഭിച്ച തുക നികുതി അടച്ച ശേഷം ബാങ്ക് വഴിയാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരുകാര്യവും മറച്ചുവയ്‌ക്കേണ്ട ആവശ്യം എക്‌സാലോജിക്കിനും സിഎംആര്‍എല്‍-നും ഇല്ല എന്നാണര്‍ത്ഥം.
സിഎംആര്‍എല്‍ കമ്പനി എക്‌സാലോജിക്കിന് പണം നല്‍കിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ എങ്ങനെയാണ് വരിക? പിണറായി വിജയന്‍റെ മകളാണ് എന്നത് മാത്രമാണ് ഇത്തരമൊരു ദുരാരോപണത്തിന് പിന്നില്‍. എന്നാല്‍ പിണറായി മുഖ്യമന്ത്രി ആയിരിക്കെ സിഎംആര്‍എല്‍-ന് വഴിവിട്ട ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. അതും പരിശോധനയിൽ വ്യക്തമായതാണ്. അങ്ങനെ നല്‍കിയതായി ഒരു ഏജന്‍സിയും കണ്ടെത്തിയിട്ടില്ല.
ഇ ഡി പുറത്തുവിട്ടതും മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതുമായ രേഖയില്‍ സിഎംആര്‍എല്‍-ന്റെ ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് എന്ന് കാണുന്നു. തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു മൊഴിക്കപ്പുറം മറ്റൊരു രേഖയും സിഎംആര്‍എല്‍-ന് വഴിവിട്ട സഹായം നല്‍കിയതായി തെളിയിക്കാന്‍ ഇ ഡിയുടെ പക്കലുമില്ല. സര്‍ക്കാര്‍ തലത്തില്‍ സിഎംആര്‍എല്‍-ന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യം ചെയ്‌തുകൊടുത്തിട്ടുണ്ടെങ്കില്‍ അതിന് വ്യക്തമായ രേഖകളും പുറത്തുവരേണ്ടതായിരുന്നു.
നിയമവിരുദ്ധവും രാഷ്‌ട്രീയ ലക്ഷ്യത്തോടെയുമുള്ള തങ്ങളുടെ അന്വേഷണത്തില്‍ തയ്യാറാക്കിയ ചില റിപ്പോര്‍ട്ടുകളും മൊഴികളും ഉപയോഗപ്പെടുത്തി ഇ ഡി നിയമവിരുദ്ധമായി ചില കാര്യങ്ങളിലേക്ക് കടക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ദേശീയതലത്തില്‍ ചെറുക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള കോണ്‍ഗ്രസ് എന്തുചെയ്യും എന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്. നേരത്തെ തമിഴ്‌നാട്ടിലും, പഞ്ചാബിലും സമാനമായ രീതിയില്‍ ഇ ഡി ഇത്തരം നിലപാട് സ്വീകരിച്ചപ്പോള്‍ രണ്ട് സര്‍ക്കാരുകളും കേന്ദ്ര ഏജന്‍സികള്‍ക്കെതിരായുള്ള നിലപാടുകളുടെ ഭാഗമായി ഈ നിര്‍ദേശം തള്ളിക്കളയുകയാണ് ചെയ്‌തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments