ad
Deshabhimani

'മല്ലു പ്രീമിയം' ഗ്രൂപ്പുകൾ വഴി അശ്ലീല ദൃശ്യങ്ങൾ: കെഎസ്‌യു നേതാവുൾപ്പെട്ട റാക്കറ്റിനെക്കുറിച്ച് നിർണായക വിവരങ്ങൾ

Bharat Mata College Thrikkakara Morphing Sreehari
വെബ് ഡെസ്ക്

Published on Sep 08, 2026, 08:07 PM | 1 min read

കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജിലെ കെഎസ്‌യു നേതാവ് എസ്‌ ശ്രീഹരിയും മാവേലിക്കര ഐഎച്ച്‌ആർഡി കോളേജ്‌ വിദ്യാർഥി സനീഷ്‌ എന്നിവരും ചേർന്ന് നടത്തിയ അശ്ലീല വീഡിയോ റാക്കറ്റിനെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃക്കാക്കര ഭാരതമാതാ കോളേജിലെ കെഎസ്‌യു നേതാവ്‌ എസ്‌ ശ്രീഹരി, മാവേലിക്കര ഐഎച്ച്‌ആർഡി കോളേജ്‌ വിദ്യാർഥിയും ആലപ്പുഴ സ്വദേശിയുമായ സനീഷ്‌ എന്നിവരാണ് അറസ്റ്റിലായത്. പണം ഈടാക്കി ആളുകളെ പ്രവേശിപ്പിക്കുന്ന പെയ്‌ഡ്‌ ഗ്രൂപ്പുകളടക്കം രൂപീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തി.


ക്യാമ്പസുകളിൽ നിന്നടക്കം ശേഖരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും മോർഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കുകയാണ് ഇവർ ആദ്യം ചെയ്യുന്നത്. തുടർന്ന് ആയിരത്തഞ്ചൂറോളം പേർ അംഗങ്ങളായ പ്രൊമോഷൻ ഗ്രൂപ്പുകളിൽ അസൽ ചിത്രങ്ങൾക്കൊപ്പം ഈ മോർഫ് ചെയ്ത ദൃശ്യങ്ങളും പങ്കുവെക്കും. കൂടുതൽ അശ്ലീല ഉള്ളടക്കമുള്ള വീഡിയോകൾ കാണാൻ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകണമെന്ന് ആവശ്യപ്പെടുന്ന പരസ്യ രീതിയായിരുന്നു ഇവരുടേത്.


'മല്ലു പ്രീമിയം' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ പെയ്ഡ് ഗ്രൂപ്പുകളിൽ അംഗത്വമെടുക്കുന്നതിനായി 250 മുതൽ 500 രൂപ വരെയാണ് ഈടാക്കിയിരുന്നത്. പണം അടയ്ക്കാനായി സനീഷ് ക്യുആർ കോഡുകൾ അയച്ചുകൊടുക്കുകയായിരുന്നു പതിവ്. 15 മുതൽ 20 പേർ വരെയാണ് ഇത്തരം പെയ്ഡ് ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നത്.


സമൂഹമാധ്യമങ്ങൾ വഴിയാണ് ശ്രീഹരിയും സനീഷും തമ്മിൽ ബന്ധപ്പെടുന്നത്. ഇരുവരും നേരിട്ട് പരിചയമുള്ളവരല്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികൾ പിടിയിലായതോടെ നിലവിലുണ്ടായിരുന്ന പല അശ്ലീല ഗ്രൂപ്പുകളും അപ്രത്യക്ഷമായിട്ടുണ്ട്. ഇവ സൈബർ വിദഗ്‌ധരുടെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home