10 വർഷത്തെ തടവ് കഴിഞ്ഞിറങ്ങിയ സഹോദരങ്ങൾ കഞ്ചാവുമായി പിടിയിൽ

മമ്മദ് കോയ, ഷാഹുൽഹമീദ്
തേഞ്ഞിപ്പലം: മയക്കുമരുന്ന് കേസിൽ പത്ത് വർഷത്തെ തടവിനുശേഷം മൂന്നാഴ്ച മുമ്പേ പുറത്തിറങ്ങിയ സഹോദരങ്ങൾ കഞ്ചാവുമായി പിടിയിൽ. കോഴിക്കോട് പന്നിയങ്കര വാഴവളപ്പിൽ സൗദാ മൻസിലിൽ മമ്മദ് കോയ (67), ഷാഹുൽ ഹമീദ് (55) എന്നിവരെയാണ് കഞ്ചാവും മെത്താഫിറ്റമിനുമായി തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കാക്കഞ്ചേരി കോട്ടപ്പുറം റോഡിൽ പള്ളിക്കൽ മണക്കാട്ട് സ്കൂട്ടറിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 250 ഗ്രാം കഞ്ചാവുമായാണ് മമ്മദ് കോയ ആദ്യം പിടിയിലാകുന്നത്. ഇതിനുശേഷം പള്ളിക്കൽ വെണ്ണായൂർ മണക്കാട് മാവിൻചോട് റോഡിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് സഹോദരൻ ഷാഹുൽ ഹമീദ് മൂന്ന് ഗ്രാം മെത്താഫിറ്റമിനുമായി പിടിയിലായത്.
മമ്മദ് കോയ കഞ്ചാവ് കേസിൽ 10 വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് മൂന്നാഴ്ചമുമ്പാണ് പുറത്തിറങ്ങിയത്. എംഡിഎംഎ വിറ്റു കിട്ടിയ 1,91,080 രൂപ, രണ്ട് ഇലക്ട്രോണിക് ത്രാസ്, മെത്താംഫിറ്റാമിൻ പാക്കുകളാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയും ഇവരിൽനിന്നും കസ്റ്റഡിയിലെടുത്തു.
തിരുരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ അസി. എക്സൈസ് ഓഫീസർമാരായ അരവിന്ദൻ, മിനു രാജ്, പ്രിവന്റീവ് ഓഫീസർമാരായ എ ജയകൃഷ്ണൻ, കെ ശിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ ജയകൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മായാദേവി എന്നിവരും പങ്കെടുത്തു.









0 comments