ബുക്ക് ചെയ്‌ത കെഎസ്‌ആർടിസി ബസ് കയറ്റാതെ പോയി; 2 പെൺകുട്ടികൾ രാത്രിയിൽ കാത്തുനിന്ന് 4 മണിക്കൂർ

Representative Image | AI
കെ എ നിധിൻ നാഥ്
Published on Sep 08, 2026, 09:01 PM | 1 min read
തൃശൂർ: സീറ്റ് റിസർവ് ചെയ്‌ത പെൺകുട്ടികളെ രാത്രിയിൽ കയറ്റാതെ കെഎസ്‌ആർടിസി ബസ് പോയി. രാത്രി ഒന്നരയ്‌ക്ക് കോയമ്പത്തൂരിലേക്കുള്ള ബസ് ബുക്ക് ചെയ്‌ത വിദ്യാർഥിനികളും യാത്രയാക്കാൻ വന്ന രക്ഷിതാക്കളും ദേശീയപാതയിൽ നാലുമണിക്കൂറിലേറെ കാത്തുനിന്നു.
കോയമ്പത്തൂരിൽ മെഡിക്കൽ വിദ്യാർഥികളായ പെൺകുട്ടികൾ നേരത്തേ സീറ്റ് റിസർവ് ചെയ്‌തിരുന്നു. കയറേണ്ട സ്ഥലവും മുൻകൂട്ടി ജീവനക്കാരെ അറിയിച്ചിരുന്നു. കൊട്ടാരക്കര ഡിപ്പോയിൽ നിന്നുള്ള സൂപ്പർഫാസ്‌റ്റിലായിരുന്നു ഇവർക്ക് പോകേണ്ടിയിരുന്നത്. എന്നാൽ തൃശൂർ പട്ടിക്കാട് സെന്ററിൽ നിർത്താതെ ബസ് കടന്നുപോയി. ഇതേ ബസിലുണ്ടായിരുന്ന സുഹൃത്തുക്കൾ ഇവർ കയറാനുണ്ടെന്ന് അറിയിച്ചപ്പോൾ അത് മുഖവിലയ്‌ക്കെടുക്കാൻ ബസ് ജീവനക്കാർ തയ്യാറായുമില്ല.
ബസ് കാത്തുനിന്ന വിദ്യാർഥിനികൾ ഫോണിൽ ജീവനക്കാരെ ബന്ധപ്പെട്ടപ്പോൾ സ്‌റ്റോപ്പ് കഴിഞ്ഞുപോയെന്നും ചുവന്ന മണ്ണ് എത്തിയെന്നുമായിരുന്നു മറുപടി. ബൈക്കിൽ ചുവന്നമണ്ണിലേക്ക് എത്താം എന്ന് അറിയിച്ചുവെങ്കിലും ജീവനക്കാർ സമ്മതിച്ചില്ല. ബസ് നിർത്തിയിടാൻ കഴിയില്ലെന്നായിരുന്നു മറുപടി.
കെഎസ്‌ആർടിസി അധികൃതരെ പരാതി അറിയിച്ചതിനെത്തുടർന്ന് അടുത്ത കോയമ്പത്തൂർ ബസിൽ സീറ്റ് നൽകുകയായിരുന്നു. പുലർച്ചെ 5.30നുള്ള തൃശൂർ– കോയമ്പത്തൂർ ബസിലാണ് ഇവർ പോയത്. അതും മണ്ണുത്തിയിൽ പോയി കയറേണ്ടി വന്നു. നാലു മണിക്കൂർ സമയം രണ്ടു പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും രാത്രിയിൽ ദേശീയപാതയിൽ കാത്തുനിന്നു.
കോയമ്പത്തൂരിൽ മെഡിക്കൽ കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രാവിലെ ഏഴരയ്‌ക്ക് ക്ലാസ് ആരംഭിക്കും. ഇത് കണക്കാക്കിയാണ് ഇവർ രാത്രി 1.30ന്റെ ബസ് ബുക്ക് ചെയ്‌തത്. 5.30നുള്ള ബസിൽ പോയതിനെത്തുടർന്ന് ഇവർക്ക് സമയത്തിന് ക്ലാസിന് എത്താനായില്ല. സംഭവത്തിൽ കെഎസ്‌ആർടിസിക്ക് പരാതി നൽകിയിട്ടുണ്ട്.








0 comments