ജനപ്രതിനിധികൾക്കെതിരെ മാത്രം ‘സമൻസോ വാറന്റോ നടപ്പാക്കി നടപടി പൂർത്തിയായ കേസ്' ആയി തരംതിരിക്കുന്ന പൊലീസ് രീതി അംഗീകരിക്കാനാകില്ല
ജനപ്രതിനിധികൾ പ്രതികളായ കേസ്: സഹപ്രതികൾക്കെതിരെ എടുത്ത നടപടികളിലും വ്യക്തത വേണം- ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് എംപിമാർക്കും എംഎൽഎമാർക്കുമെതിരെ 652 ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ഹൈക്കോടതി. പല കേസുകളിലും സമൻസ്, വാറന്റ് എന്നിവ നൽകുന്നതിൽ കാലതാമസമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ സഹപ്രതികൾക്കെതിരെ എടുത്ത നടപടികളിലും വ്യക്തത വേണം. നടപടികൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചു. ജനപ്രതിനിധികൾക്കെതിരെ മാത്രം ‘സമൻസോ വാറന്റോ നടപ്പാക്കി നടപടി പൂർത്തിയായ കേസ്' ആയി തരംതിരിക്കുന്ന പൊലീസ് രീതി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ആഗസ്‌ത് 31 വരെയുള്ള കണക്കുപ്രകാരം ജനപ്രതിനിധികൾ ഉൾപ്പെട്ട, അഞ്ച് വർഷത്തിലേറെയായി നടപടികൾ പൂർത്തിയാകാത്ത 14 കേസുകളും രണ്ട് വർഷത്തിലേറെയായി പൂർത്തിയാകാത്ത 30 കേസുകളുമുണ്ട്. അഞ്ചെണ്ണത്തിൽ മാത്രമാണ് നടപടികൾ പൂർത്തിയായത്. പുതുതായി രണ്ട് കേസ് കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. കേസ് 29ന് വീണ്ടും പരിഗണിക്കും.








0 comments