വ്യാജവാർത്ത പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമം; പൊലീസ് മേധാവിക്ക് പരാതി നൽകി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വ്യാജവാർത്ത പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. 'പാർടി ഓഫീസുകളിൽ അൽപസ്വൽപം മദ്യപിക്കുന്നതിൽ തെറ്റില്ല..' എന്ന് എം വി ഗോവിന്ദൻ പ്രസംഗിച്ചു എന്ന വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പ്രദീപ് കുമാർ മത്തേപറമ്പൻ നോർത്ത് പറവൂർ, അജിത പി നായർ, അനീഷ് ജോൺ പട്ടാഴി എന്നിവർക്കെതിരെയാണ് പരാതി. സമൂഹത്തിൽ വിദ്വേഷം ജനിപ്പിക്കാനും സിപിഐ എമ്മിനെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനും വേണ്ടി ബോധപൂർവം വ്യാജപ്രചരണം നടത്തിയ വ്യക്തികൾക്കെതിരെശക്തമായ നടപടി സ്വീകരിക്കണമെന്ന് എം വി ഗോവിന്ദൻ പരാതിയിൽ ആവശ്യപ്പെട്ടു.
ബിഎൻഎസ് 2023 ലെ വകുപ്പ് 356 (ഇലക്ട്രോണിക് മാർഗത്തിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ), വകുപ്പ് 352 (സമാധാന ലംഘനത്തിന് പ്രകോപനമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവമായ അപമാനിക്കൽ), ബിഎൻഎസ് 3(5), 61(2) വകുപ്പുകളും, ബാധകമാകുന്ന വിവരസാങ്കേതിക നിയമം 2000ലെ വകുപ്പുകളും പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. പോസ്റ്റുകളുടെയും പ്രൊഫൈലിന്റെയും സ്ക്രീൻഷോട്ടുകളും ലിങ്കുകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.








0 comments