തെന്നല ആദർശങ്ങൾ മുറുകെ പിടിച്ച നേതാവ്: അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. കറപുരളാത്ത പൊതുജീവിതം നയിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. താഴേത്തട്ടിൽ പ്രവർത്തനമാരംഭിച്ച് നിയമസഭാംഗം, രാജ്യസഭാംഗം, കെപിസിസി പ്രസിഡന്റ് എന്നീ നിലകളിലേയ്ക്കെല്ലാം വളർന്ന തെന്നല ബാലകൃഷ്ണപിള്ള കോൺഗ്രസ് രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നെന്നും എം വി ഗോവിന്ദൻ പ്രസ്താവനയിൽ അറിയിച്ചു.
മികച്ച സഹകാരിയെന്ന നിലയിലും സംസ്ഥാനത്ത് അദ്ദേഹം ശ്രദ്ധേയനായി. ലളിതമായ പ്രവർത്തന ശൈലിയും ആദർശങ്ങൾ മുറുകെപ്പിടിച്ച ജീവിതരീതിയും കൈമുതലാക്കി എല്ലാവർക്കും സ്വീകാര്യനായി മാറാൻ സാധിച്ച നേതാവായിരുന്നു തെന്നല ബാലകൃഷ്ണപ്പിള്ള. ജീവിതത്തിലുടനീളം ഗാന്ധിയൻ ദർശനങ്ങൾ പിന്തുടരുന്നതിൽ അദ്ദേഹം ശ്രദ്ധപുലർത്തി. തെന്നല ബാലകൃഷ്‌ണപ്പിള്ളയുടെ നിര്യാണം കേരള രാഷ്ട്രീയത്തിൽ നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും എം വി ഗോവിന്ദൻ അറിയിച്ചു.










0 comments