മോദി സർക്കാരിനെ ശത്രുവായി പ്രഖ്യാപിച്ച് മതനിരപേക്ഷ ശക്തികൾ ഒറ്റക്കെട്ടായി നേരിടണം: എം വി ഗോവിന്ദൻ

കയ്യൂർ: ദിവസവും പലവിധ ഗവേഷണം നടത്തി കേരളത്തെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ തുടരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കയ്യൂരിൽ സിപിഐ എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാകജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിനുള്ള നികുതിവിഹിതം ഒരുശതമാനം കുറച്ചെന്ന വാർത്തയാണ് പുതുതായി വന്നത്. ജനക്ഷേമകരമായ അടിസ്ഥാന നിലപാട് സ്വീകരിക്കാതെ കേന്ദ്രം അമിതാധികാര വാഴ്ച തുടരുന്നു. നിയോ ഫാസിസ്റ്റിക്കായ പുതിയ ഫാസിസ്റ്റ് പ്രവണതയാണ് കേന്ദ്രം കാണിക്കുന്നത്. നിയോ ഫാസിസ്റ്റിക് എന്നാണ് പാർടി കോൺഗ്രസിൻ്റ രാഷ്ട്രീയ പ്രമേയത്തിൽ ഇതിനെ വിശേഷിപ്പിക്കുന്നത് പുതിയ ഫാസിസ്റ്റ് പ്രവണത എന്നാണ് അതിന്റെ അർഥം. സിപിഐ പറയുന്നത് ഫാസിസമായി എന്നാണ്.
ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാട് നേരത്തെ ഞങ്ങൾ സ്വീകരിക്കുന്നതാണ്. ഫാസിസം ആണെങ്കിൽ കയ്യൂരിൽ ഇങ്ങനെ ഒരുപരിപാടി നടക്കില്ല. ജനാധിപത്യ അവകാശങ്ങൾ പൂർണമായും ഇല്ലായ്മചെയ്ത് ഭരണകൂട ശക്തികൾ ഒറ്റക്കെട്ടായി നിന്ന് ജനങ്ങൾക്കെതിരെ കടന്നാക്രമണം നടത്തുന്നതിനെയാണ് ഫാസിസം എന്ന് പറയുന്നത്.ഹിറ്റലറിന്റെ ആ ക്ലാസിക്കൽ ഫാസിസംഇപ്പോഴില്ല.
പുതിയ രീതിയിലുള്ള ഫാസിസ്റ്റ് സംവിധാനം നിലവിൽ വരികയാണ്. ഇതിനെ പിടിച്ചുകെട്ടിയില്ലെങ്കിൽ ഇന്ത്യ എന്ന ജനാധിപത്യ സംവിധാനുണ്ടാകില്ല. മതനിരപേക്ഷ രാഷ്ട്രമുണ്ടാകില്ല. ഫെഡറൽ സംവിധാനമുണ്ടാകില്ല. അതിനാൽ നരേന്ദ്ര മോദി സർക്കാരിനെ ഒന്നാമത്തെ ശത്രുവായി പ്രഖ്യാപിച്ച് മതനിരപേക്ഷ ശക്തികൾ ഒറ്റക്കെട്ടായിനിന്ന് നേരിടണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments