print edition ജീവനക്കാരോട് പ്രതികാരബുദ്ധിയോടെ പെരുമാറരുത്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ജീവനക്കാരോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു. ആരോഗ്യസ്ഥിതി മാനിക്കാതെ സ്ഥലംമാറ്റിയതിലുള്ള മനോവിഷമത്തിൽ ചൊക്ലി കുടുംബാരോരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർ ആർ ദീപലേഖ കുഴഞ്ഞുവീണ് മരിച്ചത് വേദനാജനകമാണ്.
സ്ഥലംമാറ്റത്തിന്റെ പ്രയാസം പറയുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ കാലിന്റെ എല്ല് പൊട്ടി കിടപ്പിലായിരുന്നു. തിരികെ ജോലിക്കെത്തിയെങ്കിലും നടക്കാൻ പ്രയാസമായിരുന്നു. ഇതിനിടയിലാണ് സ്ഥലംമാറ്റ ഉത്തരവ്. മാനുഷിക പരിഗണന പോലുമില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത് അങ്ങേയറ്റം പ്രാകൃതമാണ്.
ഭരണമാറ്റത്തെതുടർന്ന് നിർബന്ധ സെക്ഷൻ മാറ്റം സൃഷ്ടിച്ച മാനസിക സംഘർഷമാണ് കാസർകോട് കലക്‌ടറേറ്റിലെ സീനിയർ ക്ലാർക്ക് ആശാലത ജീവനൊടുക്കിയതെന്നാണ് വിവരം.
ചട്ടവിരുദ്ധ സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പിടാൻ തയ്യാറാകാത്തതിനാൽ എൻജിഒ അസോസിയേഷൻ നേതാക്കൾ അധിക്ഷേപിച്ചതിനെതുടർന്ന് ഹൃദയാഘാതമുണ്ടായ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം ഡോക്ടർ കെ വി രാധാമണി പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിലാണ്. എൻജിഒ അസോസിയേഷൻ നേതാക്കൾ ഇവരെ ഡ്യൂട്ടിക്കിടയിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഭിന്നശേഷിക്കാരെയും വിരമിക്കാൻ മാസങ്ങൾ മാത്രമുള്ളവരെയും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഒരു മാനദണ്ഡവും പാലിക്കാതെ, രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന സ്ഥലംമാറ്റങ്ങൾ സിവിൽ സർവീസിന്റെ പ്രവർത്തനത്തെ താറുമാറാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴങ്ങാത്ത ജീവനക്കാരെയും സർവീസ് സംഘടനകളെയും ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി അടക്കമുള്ളവർ ഇത്തരം നിലപാടുകൾ തിരുത്തണം.
താൽക്കാലിക ജീവനക്കാരെയും പെരുവഴിയിലാക്കുകയാണ് സർക്കാർ. ഡിജിറ്റൽ സർവേയ്‌ക്കായി അധ്വാനിച്ച 2,800 ജീവനക്കാരെ ശമ്പള കുടിശ്ശികപോലും നൽകാതെ പിരിച്ചുവിട്ടത് അംഗീകരിക്കാനാവില്ല. പിഎസ്‌സി വഴി ജോലിയിൽ പ്രവേശിച്ച അധ്യാപകരെപ്പോലും പിരിച്ചുവിടുന്നതും കേരളം കണ്ടു. ഇതൊന്നും അംഗീകരിക്കാനാവില്ല–എം വി ഗോവിന്ദൻ പറഞ്ഞു.










0 comments