print edition മുഴുവനും ആലപിക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ഭയം; വന്ദേമാതരം: ആർഎസ്‌എസിന് കീഴടങ്ങൽ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് തീരുമാനിച്ച മുഖ്യമന്ത്രി വി ഡി സതീശൻ സംഘപരിവാർ അജൻഡയ്ക്ക് പൂർണമായി കീഴടങ്ങിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസിന്റെ പരമ്പരാത നയമനുസരിച്ചുതന്നെ, മുഴുവനായി പാടേണ്ടതില്ലെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറല്ല.
നിർദേശിച്ചത് ചീഫ് സെക്രട്ടറിയാണെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്. മുഴുവൻ ആലപിച്ചില്ലെങ്കിൽ മൂന്ന് വർഷം തടവുശിക്ഷ ലഭിക്കുമെന്ന് ഇപ്പോൾ പറയുന്നു. പാടുമ്പോൾ തടസ്സപ്പെടുത്താനോ പ്രശ്നങ്ങൾ സൃഷ്ടിക്കാനോ പാടില്ലെന്ന് മാത്രമാണ് നിയമം. മറ്റെല്ലാം തെറ്റായ വ്യാഖ്യാനമാണ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തിരുത്തുമോയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. മുഖ്യമന്ത്രിയോട് ചർച്ച ചെയ്യാതെ ചീഫ് സെക്രട്ടറി ഉത്തരവിറക്കില്ലെന്ന് ഉറപ്പാണ്.
പിഎംഎവൈ അർബൻ കരാറിൽ വീടുകൾക്ക് മുന്നിൽ മോദിയുടെ ചാപ്പകുത്തുന്ന കേന്ദ്രനിർദേശമടക്കം അംഗീകരിച്ചതും ആർഎസ്‌എസിന് മുന്നിലുള്ള സാഷ്ടാംഗപ്രണാമമാണ്. ചാപ്പ കുത്തുന്നത് അംഗീകരിക്കില്ലെന്ന കർശന നിലപാടാണ് എൽഡിഎഫ് സർക്കാർ എടുത്തത്. വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്.
അതിന്മേൽ മുദ്ര പതിപ്പിക്കുന്നത് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണ്. ചാപ്പയില്ലാതെ അഞ്ചു ലക്ഷത്തിലധികം വീട് ലൈഫ് പദ്ധതിയിൽ എൽഡിഎഫ് സർക്കാർ നൽകി. എന്നാൽ, വീടുകൾ കേന്ദ്ര ഔദാര്യമാണെന്ന് അടയാളപ്പെടുത്തുകയാണ് മുഖ്യമന്ത്രി.
എഫ്സിആർഎ, ഏക സിവിൽ കോഡ്, പൗരത്വ രജിസ്റ്റർ തുടങ്ങി സംഘപരിവാർ പദ്ധതികളും തടസമില്ലാതെ നടപ്പാക്കാനായിരിക്കും മുഖ്യമന്ത്രി ശ്രമിക്കുക. ഇത്തരം നീക്കങ്ങളെ ശക്തമായി ചെറുക്കും– എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments