മതരാഷ്ട്രീയവാദികളുമായുള്ള ലീഗ് - കോൺഗ്രസ് കൂട്ടുകെട്ട് സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും: എം വി ഗോവിന്ദൻ

തിരുവനന്തപുരം : നിലമ്പൂരിലേത് ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയ ശക്തികളുടെ കൂട്ടുപിടിച്ചിട്ടും യുഡിഎഫിന്റെ വോട്ട് കുറഞ്ഞു. ബിജെപിക്ക് ലോക്സഭയിൽ ലഭിച്ച വോട്ട് പോലും ലഭിച്ചില്ല. എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ പോറലേൽക്കാതെ ശക്തിപ്പെട്ടു.
നിലമ്പൂരിലെ രാഷ്ട്രീയ വോട്ട് വർധിപ്പിക്കാനും കഴിഞ്ഞുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മതരാഷ്ട്രീയ വാദികളുമായുള്ള ലീഗ് - കോൺഗ്രസ് കൂട്ടുകെട്ട് സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വർഗീയ ശക്തികളുടെ സഹായം യുഡിഎഫിന് ലഭിച്ചു. മാധ്യമങ്ങൾ തന്നെ പുറത്തുകൊണ്ടുവന്ന പോലെ യുഡിഎഫിനകത്ത്, യുഡിഎഫിന്റെ തന്നെ ഭാഗമായ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും നടത്തിക്കൊണ്ടിരിക്കുന്ന വാക്പോരാട്ടങ്ങൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്. കേരളം രണ്ട് തെരഞ്ഞെടുപ്പ് നേരിടുന്ന സവിശേഷ സാഹചര്യത്തിൽ സിപിഐ എമ്മിനകത്തും പ്രശ്നമുണ്ടെന്ന് വരുത്താൻ തെരഞ്ഞെടുപ്പ് പശ്ചാത്തലം അടിസ്ഥാനപ്പെടുത്തി പ്രചാരവേല അരംഭിച്ചിരിക്കുകയാണ്.
എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ ചിലർ വ്യക്തിപരമായി പോലും ആക്രമിച്ചു. വായനയും അറിവുമുള്ളത് ചിലരുടെ എതിർപ്പിന് കാരണമായി . ചില പ്രൊഫസർമാരും ബുദ്ധിജീവികളും ഇവർക്കൊപ്പം കൂടി. സ്വരാജിന്റെ സ്ഥാനാർഥിത്വം കേരളം അംഗീകരിച്ചതാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
നിലമ്പൂരിൽ വലിയ വികസന പ്രവർത്തനങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാൽ ഈ സർക്കാരിൻ്റെ വികസന നേട്ടത്തെ സ്വതന്ത്ര നേട്ടമായി സ്വതന്ത്ര സ്ഥാനാർഥി പ്രചരിപ്പിച്ചു. ഇത് സ്വതന്ത്ര സ്ഥാനാർഥിക്ക് വോട്ട് വർധിക്കുന്നതിന് ഇടയാക്കി- അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് “പാർട്ടി സെക്രട്ടറിയെ കമ്മറ്റി ഒന്നടങ്കം വിമർശിച്ചു, പിണറായി വിജയൻ ശാസിച്ചു” എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ തനിക്കെതിരെ ഒരു പരാമർശവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സത്യവിരുദ്ധവും കള്ളവുമായ വാർത്തയാണ് പ്രചരിപ്പിച്ചത് എന്നും തനിക്കെതിരെ ഒരാളും വിമർശനം ഉന്നയിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.









0 comments