ad
Deshabhimani

ഡോ. എ സി ശ്രീഹരിയുടെ വിയോഗത്തിൽ എം വി ഗോവിന്ദൻ അനുശോചിച്ചു

sreehari mvg
വെബ് ഡെസ്ക്

Published on Jun 06, 2026, 04:36 PM | 1 min read

തിരുവനന്തപുരം: കവിയും പ്രഭാഷകനും പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അധ്യാപകനുമായിരുന്ന ഡോ. എ സി ശ്രീഹരിയുടെ അകാല വിയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി.


കേരളത്തിലെ സാംസ്കാരിക-സാഹിത്യ മേഖലകളിൽ തന്റേതായ തനിമയാർന്ന ഇടം അടയാളപ്പെടുത്താൻ ശ്രീഹരിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എ സി ശ്രീഹരിയുടെ വിയോഗത്തിലൂടെ പ്രതിഭനായ ഒരു അധ്യാപകനെയും സാംസ്കാരിക പ്രവർത്തകനെയുമാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പതറിനിൽക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വലിയ വേദനയിൽ പങ്കുചേരുന്നതായും എം വി ഗോവിന്ദൻ അറിയിച്ചു.


ഹൃദയാഘാതത്തെ തുടർന്നായിരുന്നു എ സി ശ്രീഹരിയുടെ അന്ത്യം. വെള്ളിയാഴ്ച രാത്രി പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് പയ്യന്നൂരിലെ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ദീർഘകാലം പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന എ സി ശ്രീഹരി കഴിഞ്ഞ മെയ് 30-നാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. സർവീസിൽ നിന്നും വിരമിച്ച് ദിവസങ്ങൾക്കകമുള്ള അദ്ദേഹത്തിന്റെ വേർപാട് സാംസ്കാരിക ലോകത്തെയും നാടിനെയും കടുത്ത ദുഃഖത്തിലാഴ്ത്തി.


അദ്ദേഹത്തിന്റെ മികച്ച കവിതകൾ കേരളത്തിലെ വിവിധ സർവകലാശാലകളിൽ പാഠപുസ്തകങ്ങളായി അംഗീകരിച്ചിട്ടുണ്ട്. സാഹിത്യലോകത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് എൻ എൻ കക്കാട് പുരസ്കാരം, വി ടി കുമാരൻ പുരസ്കാരം, വൈലോപ്പിള്ളി പുരസ്കാരം തുടങ്ങിയ പ്രമുഖ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.


പയ്യന്നൂരിനടുത്ത് ആലപ്പടമ്പിൽ 1969 നവംബർ 24-നായിരുന്നു ജനനം. എ സി ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനാണ്. പയ്യന്നൂർ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നാണ് എംഫിൽ ബിരുദം പൂർത്തിയാക്കിയത്. അധ്യാപകൻ എന്ന നിലയിലും വിദ്യാർത്ഥികളുടെ പ്രിയങ്കരനായിരുന്നു അദ്ദേഹം.


കെ സംഗീതയാണ് ഭാര്യ. മകൻ: എ സി ശ്രീഹർഷൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home